Thursday, August 8, 2013

കോതറക്കാളി

'ഡാ നമ്മക്ക് കോതറക്കല് പോണ്ട്ര?'
'എന്തൂട്ട്ണ് അവ്ടെ'
'ഡാ സലാമേ  പുത്യേ പാലം പണി തൊടങ്ങണ്ടാ ഇന്ന്'
‘നിക്ക് നീ, ഷർട്ടിടട്ടെ ഞാൻ'
'പഴേ രണ്ട്  പാലോം പോളിക്കോഡാ' സൈക്കളിൽ ചാടി കയറുമ്പോൾ സുകു ചോദിച്ചു.
'ഏയ്... അത് പോളിക്കില്ല, അതൊന്നും അങ്ങനെ പൊളിക്കാൻ പറ്റൂലടാ'
'അതെന്താ പാലം നിന്റെ വെല്ല്യുപ്പാന്റെതാ?'
'ഡാ ശെവീ കോതറക്കാളി സമ്മതിക്കൂലാ, വെല്ല വെവരണ്ടാ നിന്ക്ക്?'
ആളോളൊക്കെ പോണുണ്ട്ട്ടാ കോതറക്കൽക്ക്.. സുകോ നീ എറങ്ങ് സൈക്കൾമെന്നു..നമ്മക്കും നടന്നു പോകാം. സൈക്കൾ അവടെ കൊണ്ടന്നു വെച്ചാൽ ആരെങ്കിലും അടിച്ചു മാറ്റി കൊണ്ടോകും. നമ്മക്ക് ശശിരവടെ സൈക്കൾ കേറ്റി വെക്കാം.
പിന്നേ വേറൊരു കാര്യംണ്ട്... സൈക്കളിന്റെ ചാവി വാങ്ങി പോക്കറ്റിലിടുന്നതിനിടെ സലാം തല ചൊറിഞ്ഞ്‌ കൊണ്ട് പറഞ്ഞു..
എന്തൂട്ടുണ്...? സുകു മാണിചേട്ടന്റെ പറമ്പിലെ മൂവാണ്ടാൻ മാങ്ങയെ നോക്കി ചോദിച്ചു
പാലം പണിയൊക്കെ നടക്കുന്നതിനിടെ ആരുടെയെങ്കിലും ചോര വീഴണം അവടെ, എന്നാലെ പാലത്തിനു ഒറപ്പ് ഉണ്ടാകൂ. ചെല കൊണ്ട്രാക്ടർമാര് മനപ്പൂർവ്വം ആരെങ്കിലും പണിക്കെടെല് തട്ടോടാ....
'നിന്നോടാരാ ഇതൊക്കെ പറഞ്ഞേ' പേടി വാക്കിൽ വരാതിരിക്കാൻ സുകു  മുടി ഒന്ന് കൈ കൊണ്ട് കോന്തിക്കൊണ്ടാണ് ചോദിച്ചത്.
ഇതാ പറഞ്ഞേ... വെവരോള്ള ഒരാളോട് അര മണിക്കൂർ സംസാരിക്കുന്നത് പത്ത് പുസ്തകം വായിക്കുന്നതിനു സമാണെന്ന്... സലാം അൽപ്പം ഗൌരവത്തിലായി.
നിനക്കല്ലെങ്കിലും ആ ഷുക്കൂറായിട്ടല്ലേ കമ്പനി, നിന്ക്ക് അങ്ങനെ തന്നെ വേണം.
നീ കോതറക്കാളി കോതറക്കാളീന്ന് കേട്ടീട്ടുണ്ടോ?
ഉം... സുകു വെല്ല്യ ഉറപ്പില്ലാതെ മൂളി
എന്നാ പന്ന്യേ അങ്ങനെ ഒന്നുണ്ട്.. സലാം പിന്നെയും ഗൌരവത്തിൽ.
പണി പാളി, ദേ ആൾക്കാരൊക്കെ തിരിച്ച് വരണ് ഉൽഘാടനോം കഴിഞ്ഞു പണീം തൊടങ്ങി.
അത് സാരല്ലട, നമ്മക്ക് ആ പഴേ പാലത്തുമ്മെ കേറിരിന്നു കൊറച്ചേരം വർത്താനം പറയാം, പണീം കാണാം.
ഏവടക്കാ രണ്ടാളും? കാദർക്ക ഞങ്ങളെ നോക്കാതെ ശങ്കുരുചേട്ടന്റെ മുഖത്ത് നോക്കി ചോദിച്ചു..
'ഏയ്‌.. ഞങ്ങളിങ്ങനെ കൊറച്ച് നേരം..'. സുകുവും സലാമും ഒരേ സ്വരത്തിൽ.
'ചെല്ല് ...ചെല്ല്.. ബിരിയാണി കൊടുക്കുന്നുണ്ടവടെ' കാദർക്ക സുകൂനെ തിരിഞ്ഞു നോക്കി പറഞ്ഞു പോയി.
അപ്പ നീ കേക്ക്... സലാം തുടർന്നു
ഈ പഴേ രണ്ട് പാലം പണിക്കെടെല് ചത്തു പോയ പണിക്കാരിപ്പെണ്ണാ കോതറക്കാളി.
സുകു ഒന്ന് ഞെട്ടി, അൽപ്പം അസ്വസ്ഥതയോടെ രണ്ട് കയ്യും പാലത്തിൽ പരത്തി വെച്ചിരുന്നു.
രാത്രി ആരും ഈ വഴി പോകൂല്ലടാ. അതോണ്ട് ഞാൻ ഈ പുത്യേ പാലം പണി കഴിയും വരെ എന്നും വരും ഇവിടെ. ഈ കോണ്ട്രാക്ടർ ആരെങ്കിലും ഇവിടെ തട്ടിക്കളയുന്നുണ്ടോന്നു ഞാനൊന്ന് നോക്കട്ടെ.
'അതേതണ്ടാ ആ പെണ്ണ് ..?' പഞ്ചായത്ത് കിണറീന്ന് വെള്ളം കോരിക്കൊണ്ട് പോകുന്ന  അമ്മിണിയെ നോക്കി വെള്ളമിറക്കി സുകു ചോദിച്ചു.
ദേണ്ട, ആ ഷെഡ്‌ കാണണില്ലേ അതാണ്ടാ പുത്യേ ചായക്കട, പാലം പണിയല്ലേ കച്ചോടം കിട്ടും അതവളാ നടത്തണേ. മധുരംപിള്ളീലങ്ങണ്ടാ അവള്ടെ വീട്. ഞാൻ നേരത്തെ പറഞ്ഞില്ലേ പണ്ടിവിടെ കാളീന്ന് പറഞ്ഞ പെണ്ണ് പാലം പണിക്കെടയിൽ വീണു മരിച്ചു പോയെന്നു... ആ കാളീടെ മോളാ.. അമ്മിണി.

നെല്ല് കുത്തിക്കാൻ കൊണ്ടോണം ഇന്ന് സുകോ, ഒരു മണി അരി ഇന്ന് വീട്ടിലില്ല, ഇന്ന് നെല്ല് കുത്തിച്ചിട്ടില്ലെങ്കിൽ  വീട്ടീന്ന് ഇടി കിട്ടും, നമുക്ക് പോകാം, രണ്ടു പേരും തിരിച്ചു നടന്നു.
*******************
'ഡാ പാലം പണി ഏതാണ്ട് കഴിയാറായിട്ടാ, മഴ വരുന്നേനു മുമ്പേ പാലം പണി കഴിയും..'
'സുകോ ഇന്ന് തീരെ സുഖല്ലടാ, ചെറുതായി പനിക്കുന്നുണ്ട്
ഞാനിന്നു കോതറക്കല്ക്ക് ഇല്ല'
'എന്നാ പിന്നെ ഞാനും പോണില്ല' സുകു അരമതിലിൽ കയറിയിരുന്നു.
ആ അമ്മിണിയെ വളക്കാൻ കൊറേ ആളോള് നോക്കീട്ടാ, പക്ഷെ നടന്നിട്ടില്ല, അവള് നല്ലോളണ്ടാ..
'ഹും എന്തമ്മിണി' പനി തൊട്ടു നോക്കി സലാം പിന്നെയും ഒതുങ്ങിക്കൂടി
'ഇപ്പൊ എല്ലാവരും അവളെപ്പറ്റി ഇല്ലാത്തതു പറഞ്ഞുണ്ടാക്കാ' .
'നീ അമ്മിണി അമ്മിണീന്നു പറഞ്ഞോണ്ടിരിക്കല്ലേ ഉമ്മയെങ്ങാൻ കേട്ട് വരും' സലാം വീടിനകത്തേക്ക് നോക്കി.
നീ നാളെ വാ സുകോ, നമ്മക്ക് നാളെ പോകാം, ഇപ്പൊ ഞാൻ പോയി കെടക്കട്ടെ.
********************************
കോരിച്ചൊരിയുന്ന മഴയത്ത് നിറുത്താതെ അടിക്കുന്ന സൈക്കിളിന്റെ ബെല്ല് കേട്ടാണ് സുകു ഉമ്മറത്തേക്ക് ഇറങ്ങി വന്നത്
'നീ മഴേത്ത് നിക്കാണ്ട് ഇങ്കട്‌ കേറിവാട നായെ' സുകു ഇറയത്തേക്കു മരക്കസേര വലിച്ചിട്ടു.
ഡാ പടിഞ്ഞാറേ പുളിങ്കെട്ടു പൊട്ടി, കനാലോക്കെ തേട്ടി നിക്കാ, പാലം പണിക്കാരടെ സാധനങ്ങളൊക്കെ രാത്രി ഒലിച്ചു പോയി, ആ അമ്മിണീടെ ചായക്കടേം കാണണില്ല അവളേം കാണാനില്ലത്രേ, അവള് ഒഴുക്കീ പെട്ടൂന്ന തോന്നണേ... സലാം പറഞ്ഞു നിറുത്തി.
'ന്റെമ്മേ' അവട വരെ പോയീട്ട് വരാം
കണ്ടാടി വലയും കൊണ്ട് ഷമീർ എതിരെ വരുന്നുണ്ട്, ഷമീർ തിരക്കിലാണ് മീന്റെ വരവും പോക്കും പോലെ അവനും ഓരോ തോടും വയലും ചാലും ചാടിക്കടന്നു...
പാലത്തിനു മുകളിൽ കുറച്ചു പേരൊക്കെ കൂട്ടം കൂടി നിൽപ്പുണ്ട്, കുറച്ചു പിള്ളേർ സൈക്കിളിലും ബൈക്കിലും വന്നു കൂട്ടം കൂടി നിന്ന് തമാശകൾ പറഞ്ഞു രസിക്കുന്നു. എന്താണ് വിവരങ്ങളെന്നറിയാൻ മുതിർന്നവർ നിൽക്കുന്ന കൂട്ടത്തിലേക്ക് നീങ്ങി നിന്നു.
'വെള്ളം ഇനീം പൊങ്ങും ട്ടാ' നെറ്റിമേൽ കൈ വെച്ച് കിഴക്കോട്ടു നോക്കി ശങ്കരൻ കണക്കനാണത് പറഞ്ഞത്.
'പക്ഷെ ഈ പെണ്ണ് എങ്ങു പോയ്‌, അവൾടെ ചായക്കടേം?'
'അവള് ശരിയല്ലാന്നെ, അവൾ ആരുടെ കൂടെങ്കിലും ഒളിച്ചോടിപ്പോയിട്ടുണ്ടാകും' പോത്താനീന്നു വന്ന ഒരു ചേട്ടന്റെ വിലയിരുത്തൽ.
അങ്ങനെ പറഞ്ഞാൽ എങ്ങനാ, നമ്മൾ നാട്ടുകാരൊന്നു തിരയണ്ടേ? അശോകന്റെ വഞ്ചിയല്ലെ ഉള്ളത്, ആരെങ്കിലൊക്കെയൊന്നു തിരയാൻ ഇറങ്ങ്... തോമാസ് ചേട്ടന്റെ പറച്ചിലും പിന്നെ എല്ലാവരും തിരച്ചിലിനിറങ്ങി...
അന്തിയോളം തിരഞ്ഞിട്ടും അമ്മിണിയെ കിട്ടിയില്ല
'അവൾ ഒളിച്ചോടിയത്‌ തന്നെ' കാദർക്കാന്റെ പീടികയിൽ വൈകീട്ട് ഒത്തു കൂടിയവർ അഭിപ്രായ ചേർച്ച യിലെത്തി ..
**********************************
മാമ്മദ്ക്കാന്റെ ചായക്കടയിൽ നിന്ന് ഒരു കൂട്ടയോട്ടമായിരുന്നു എല്ലാവരും. തലേ ദിവസം വൈകീട്ട് വരെ തിരഞ്ഞിട്ടും കാണാതായ അമ്മിണിയുടെ ശവം പാലത്തിനടിയിൽ അടിഞ്ഞു കിടക്കുന്നുവത്രേ.... ഒറ്റ ശ്വാസത്തിലാണ് എല്ലാം സുകു പറഞ്ഞു നിർത്തിയത്.
കോതറ ആളുകളാൽ നിറഞ്ഞിരിക്കുന്നു, അതെ അമ്മിണി ഒളിച്ചോടിപ്പോയത്‌ തന്നെ, ഇന്നലെ പെയ്ത മഴയിൽ വെള്ളപ്പൊക്കത്തിൽ പുളിങ്കെട്ടു തകർത്ത് മരണത്തോടൊപ്പം ഒളിച്ചോടി ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ... സലാം സൂക്ഷിച്ചു നോക്കി, അമ്മിണിക്കരികിൽ അവളുടെ കൊച്ചുമകൾ ഒരു ദുസ്വപ്നത്തിൽ നിന്നുണർന്ന പോലെ ചുറ്റും കൂടി നിന്നവരെ ഉറക്കാത്ത മിഴികളോടെ മാറി മാറി നോക്കി. തെളിഞ്ഞു വന്ന മാനം പിന്നെയും ഇരുണ്ടു കൂടാൻ തുടങ്ങി എത്രയൊഴുകിയിട്ടും കൊതി തീരാതെ പിന്നെയും കനാൽ വെള്ളം കിഴക്കോട്ട് ഒഴുകിക്കൊണ്ടേയിരുന്നു...