Sunday, May 9, 2010

വഴിമരങ്ങള്‍...

പാതി പടവുകളിറങ്ങിക്കാണും, എതിര്‍ വശത്തെ നിരത്തില്‍നിന്നൊരു ശബ്ദം കേട്ടയാള്‍ രണ്ട് പടികൂടി മുകളിലോട്ടു തന്നെ കയറി നിരത്തിലേക്കെത്തി നോക്കി. ഇരുട്ടാണെങ്കിലും വഴിവിളക്കിന്‍റെ പ്രകാശത്തില്‍ അതിവേഗം പാഞ്ഞുപോകുന്ന ഒരു വാഹനവും അതിടിച്ച് തെറിപ്പിച്ച തെരുവ് പട്ടിയുടെ പിടച്ചിലും കാണാന്‍ കഴിഞ്ഞു. ചാഞ്ഞു ചരിഞ്ഞു പെയ്യുന്ന ചെറിയ ചാറ്റല്‍ മഴ വകവെക്കാതെ റോഡിലേക്കിറങ്ങാന്‍ മുഖം തിരിക്കും മുമ്പേ എങ്ങോ നിന്നൊരു തെരുവ്നായയുടെ വരവ് അയാളെ കുറച്ചു നേരം കൂടെ പടിയില്‍ തന്നെ നിറുത്തി.

പിടയുന്ന പട്ടിക്ക് ചുറ്റും രണ്ടുമൂന്നു വലം വെച്ച്, ചെവി വട്ടം പിടിച്ച് അതിനിടക്ക് എതിരെ വന്ന വാഹനത്തിനു പിറകെ കുരച്ച് ചാടി വീണ്ടും ര്ക്തമൊഴുകിക്കിടക്കുന്ന പട്ടിക്ക് കാവല്‍ നിന്നു. ഇനിയും ജീവനറ്റുപൊയിട്ടില്ലാത്ത പട്ടിക്ക് ചുറ്റും മണത്തും വേവലാതിയോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയും അവസാനം നിസ്സഹായതയോടെ മുന്‍കാലുകളിലൂന്നിയിരുന്ന് ഒഴുകിപ്പടര്‍ന്നിരുന്ന രക്തത്തിന്‍റെ ചലനം സൂക്ഷ്മമായി നോക്കിയിരുന്നു.

തെല്ലു നേരം കൂടെ ശങ്കിച്ചുനിന്ന നായ ജീവനറ്റ പട്ടിയുടെ കാലില്‍ കടിച്ചുവലിച്ച് വഴിയോരത്തേക്കെത്തിച്ചിട്ട് ആദ്യത്തെ വളവുവരെ ഓടി തിരിച്ചെത്തി. പിന്നെയും അക്ഷമയോടെ റോഡില്‍ തന്നെ കുറച്ചുനേരം കൂടെ നിന്നു, ചാറ്റല്‍ മഴയെ കീറിമുറിച്ച് ഒരു ഓരിയിടല്‍ പിന്നെ ദൂരെ ഓടിമറഞ്ഞു.

ആയാസപ്പെട്ടയാള്‍ ക്രച്ചസില്‍ ഊന്നി പടികളോരോന്നും ഇറങ്ങി. ശരീരം ക്ഷീണിച്ചതു കൊണ്ടല്ല മനസ്സിലെന്തോ വിഷാദം പരന്നതുകൊണ്ടയാള്‍ താഴെ പടിയില്‍ തെല്ലു നേരം ഇരുന്നു, അറിയാതെ മുട്ടിനു കീഴെ മുറിച്ചുമാറ്റിയ മയം വന്ന ഭാഗം തടവിപ്പോയി.


മൂന്നു വര്‍ഷം മുമ്പ് ഇതേ റോഡരുകില്‍ വെച്ചുണ്ടായ ഒരു അപകടം ജീവന്‍ തന്നെ എടുത്തുപോകുമായിരുന്നു, ഭാഗ്യമോ നിര്‍ഭാഗ്യമോ കാലുമാത്രമേ നഷ്ടപ്പെട്ടുള്ളൂ, ജീവന്‍ തിരിച്ചുകിട്ടി. ഉടനെ ആശുപത്രിയില്‍ ആരെങ്കിലും എത്തിച്ചിരുന്നെങ്കില്‍ കാല്‍ നഷ്ടപ്പെടില്ലായിരുന്നു. പക്ഷെ വഴിയാത്രക്കരാരും മനസ്സുകാണിച്ചില്ല, കരുണയോടേയുള്ള ഒരു നോട്ടം മാത്രം സമ്മാനിച്ച് തിരക്കുള്ള റോഡിലലിഞ്ഞു തീരുകയായിരുന്നു ഓരോരുത്തരും.

'നിന്‍റെയൊരു സാമൂഹ്യ പ്രവര്‍ത്ഥനം.. ഒരു അപകടം വന്നപ്പോള്‍ ഒരു പട്ടിയുമുണ്ടായില്ല ഒന്നു സഹായിക്കാന്‍' എന്ന ജ്യേഷ്ടന്‍റെ ഗുണദോഷ വാചകം അന്നൊരു നിസ്സംഗതയോടെയാണ്‍ കേട്ടിരുന്നതെങ്കിലും ഇന്നയാളുടെ മനസ്സില്‍ ആ വാചകത്തിന് വ്യാപ്തിയേറിവരികയായിരുന്നു. മഴതോര്‍ന്നേറെ നേരമായിരുന്നെങ്കിലും മഴകൊണ്ട് കൊതി തീര്‍ന്നിട്ടില്ലായിരുന്ന, മഴയുടെ ഓര്‍മ്മകളെ അയവിറക്കുന്ന വഴിമരങ്ങള്‍, ഒരു ചെറുകാറ്റില്‍ ഇളകിയാടി നനഞ്ഞൊലിച്ച അയാളുടെ മനസ്സ് പിന്നെയും തൊട്ടുണര്‍ത്തി....

3 Comments:

കൂതറHashimܓ said...

തുടക്കം വായിച്ചപ്പോ നന്നായിതോനി, അവസാന രണ്ട് പാരഗ്രാഫ് മനസ്സിലായില്ലാ.. എന്റെ മണ്ടത്തരമാവാം

ശ്രീ said...

എനിയ്ക്കും മുഴുവനായും മനസ്സിലായില്ല, ഫസല്‍.

Manoraj said...

ഫസൽ .. പറയാനുള്ളത് സിമ്പിളായാലും പൂർണ്ണമായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നോക്കു.. ഇവിടെ എന്തോ സന്ദേശം ഉണ്ട്.. തീർച്ച. പക്ഷെ അത് അത്ര വ്യക്തമായില്ല എന്നൊരു തോന്നൽ തന്നെ എനിക്കും