Saturday, January 2, 2010

ഒരു പനിനീര്‍പൂവിന്‍റെ ഓര്‍മ്മക്ക്...

ഓത്തുപ്പള്ളിയോരത്തെ പൂഞ്ചട്ടിയില്‍ ചെടികള്‍ നടുന്നതിനിടെ നമ്മുടെ കൈവിരലുകള്‍ പരസ്പരം സ്പര്‍ശിക്കാതിരിക്കാന്‍ ഞാന്‍ പാടുപെടുമ്പോഴും എന്തോ നിന്‍റെ വിരല്‍ തുമ്പുകള്‍ എന്നെ തേടിയലഞ്ഞത് ഞാനറിഞ്ഞില്ല. പള്ളിപ്പറമ്പിലെ മൈലാഞ്ചിച്ചെടിയിലെ കൊമ്പില്‍ നിന്നും ഇലയൂരി, മടക്കിപ്പിടിച്ച നിന്‍റെ പാവാടവട്ടത്തിലേക്ക് ചൊരിയുമ്പോഴും നീയെന്‍റെ കണ്ണുകളിലേക്ക് ഇമയനക്കാതെ നോക്കിനിന്നിരുന്നതും ഞാനെന്തേ അറിയാതെ പോയീ? പ്രണയത്തിന്‍റെ പ്രഥമ ചുംബനം നീയെന്നിലേക്ക് പകരാന്‍ വെമ്പിയപ്പോള്‍ ദൈവകോപം ഭയന്ന് ഞാനന്ന് നിന്‍റെ ചുണ്ടില്‍ വിരല്‍ വെച്ചനേരം ഒരു കൊടുങ്കാറ്റ് നിന്നിലടങ്ങിയതും എനിക്ക് കാണാനായില്ല.

സ്ക്കുള്‍ മുറ്റത്തുവെച്ച് എന്‍റെ ചങ്ങാതി പറഞ്ഞ തമാശകേട്ട് നീ ചിരിക്കാതെ പോയതും എന്‍റെ ചിരിയോടൊത്ത് ഒന്നുമില്ലാഞ്ഞിട്ടും നീ ചിരിച്ചതും തൊട്ടാവാടിമുള്ളില്‍ കാല്‍ തട്ടിയ എന്നിലെ നോവില്‍ ഏറെ കണ്ണു കൂമ്പിയവളേ... നിന്‍റെ വേദനയില്‍ ഒന്നു തലോടാന്‍ ഇത്തിരി നേരം നിന്നോടൊത്ത് പാടവരമ്പിലൂടെ നടക്കാന്‍ എന്‍റെ കാലുകള്‍ മടിച്ചതും എന്‍റെ കൈകള്‍ കുഴഞ്ഞുപോയതും ഇഴുകിയെന്‍റെ കൈകളില്‍ വീണ നിന്‍റെ തട്ടത്തുമ്പ് നീ എടുത്തുമാറ്റും മുമ്പേ കൈവലിക്കാതിരിക്കാന്‍ പോലും ഞാന്‍ നിന്നോട് കരുണ കാണിച്ചില്ല.

തിരിച്ചറിവുകളുടെ നാളുകളെത്തിയപ്പോഴേക്കും നിന്‍റെ മുഖപടം നിന്നെയും എന്നെയും വിദൂരങ്ങളിലാക്കിയിരുന്നു. നമ്മുടെ ഇടയില്‍ നിന്നും ഓത്തുപള്ളി പടിയിറങ്ങിയിരുന്നു, മൈലാഞ്ചിക്കൊമ്പുകള്‍ നിറം തിരിച്ചെടുത്തിരുന്നു, കളിചിരികള്‍ പുഴക്കക്കരെ എത്തിയിരുന്നു, തൊട്ടാവാടിച്ചെടികള്‍ വാടിക്കുമ്പി നില്‍ക്കാനെപ്പോഴും ശീലിച്ചുപോയിരുന്നു, നിന്‍റെ സ്വര്‍ണ്ണ നൂല്‍ മുടികളോട് എപ്പോഴും കലഹിച്ചിരുന്ന തട്ടം അവയോട് ചങ്ങാത്തം കൂടി ഒരു പടികൂടി കടന്ന് നിന്‍റെ മിഴികളേയും മനസ്സിനേയും മറച്ചിരുന്നു.

വീര്യം മുഴുക്കെ ആര്‍ക്കോ പകര്‍ന്നു നല്‍കി കമഴ്ത്തിവെച്ച ചഷകം പോലെ ഓര്‍മ്മകളുടെ ഇക്കരെ കാത്തിരിപ്പാണ്‍ ഞാന്‍, അക്കരെ നിന്നുള്ള ഒരു കൂകി വിളി ചെവിയോര്‍ത്ത്, നിന്‍റെയോര്‍മ്മകള്‍ ഇറങ്ങിപ്പോയ കടവെങ്ങിനെ ഞാന്‍ മറക്കാനാണ്? നിന്‍റെ വരവ് കാത്തിരുന്ന ജനുവരിമാസത്തെ കുളിരെങ്ങിനെ മറക്കാനാണ്‍ ഞാന്‍, നിന്‍റെ കബറിടത്തിലെ മൈലാഞ്ചിയില്‍ നിന്നൊരിലപോലും ഊരിവീഴാതെപോകാന്‍ കൈകൂപ്പി നല്‍പ്പാണു ഞാന്‍, പനിനീര്‍ ചെടി മോഹിച്ച നിന്‍റെ മുഖം വിരിയും ആയിരം ചെടികള്‍ കാത്തുസൂക്ഷിക്കും പൂന്തോട്ടക്കാരനാണു ഞാന്‍, നീ വരില്ലേ ഇനിയും നീ വിരിയില്ലേ.. ഒരിക്കല്‍കൂടി, ഒരിക്കല്‍ക്കൂടി മാത്രം..

13 comments:

Anonymous said...

പൊന്നു ചേട്ടായീ, ഒരല്‍പ്പം മധുരം കൂടിപ്പോയീ

ഏ.ആര്‍. നജീം said...

കേട്ടീട്ടില്ലേ ഫസലേ 'ശൊല്ലാമ കാതല്‍ ഒന്നും സ്വര്‍ഗത്തില്‍ ചേരാത്...:)
എന്തായാലും ശരിക്കും രസിച്ചുട്ടോ..ഹൃദ്യമായ് അവതരിപ്പിച്ചിരിക്കുന്നു

Anonymous said...

അവതരണം നന്നായിട്ടുണ്ട്‌. ചിലയിടത്ത്‌ വാക്കുകള്‍ ആശയത്തോട് അതി മനോഹരമായി ഇഴുകി ചേര്‍ന്നിരിക്കുന്നു. ചിലയിടങ്ങളില്‍ മറിച്ചും..

Unknown said...

Nannayittundu fazal..ormakalilekkoru madakkayathra...aa kaalamthinte nostalgic memories unarthunnu...keep writing..

Anonymous said...

orupad nannayirikunnu fazalka ..........

Unknown said...

"Kathirippinte kaippuneerum kulirummillatha pranayam oru pranayame allennu manasilakkiya ninakkente virayarnna koopukai.

ശ്രീ said...

നന്നായിട്ടുണ്ട്, ഫസല്‍...

പുതുവത്സരാശംസകള്‍!

Anil cheleri kumaran said...

ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ.. !

പട്ടേപ്പാടം റാംജി said...

കൊള്ളാം. കൂടുതല്‍ മധുരിപ്പിച്ചു.
ആശംസകള്‍.

meera said...

good.. presented nicely.

Unknown said...

അവതരണം ഉഷാര്‍ .... പനിനീര്‍ ... അത് വല്ലാത്ത ഒരു പ്രതീകം തന്നെയാണ്

Sunais T S said...

നന്നായിട്ടുണ്ട്....
ആശംസകള്‍...

ഫസല്‍ ബിനാലി.. said...

ഇവിടെയെത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി