Friday, September 11, 2009

പൂക്കാന്‍ മറന്നുപോകുന്ന ചില്ലകള്‍...

അങ്ങേ തലക്കല്‍നിന്നുള്ള പതിഞ്ഞ ഫോണ്‍ബെല്‍ കേള്‍ക്കാനായപ്പോള്‍ തന്നെ അയാളുടെ മുഖം വികസിക്കുവാന്‍ തുടങ്ങി. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിക്കാറുണ്ടെങ്കിലും ഓരോ വിളിയും അയാള്‍ക്ക് പുതുമഴയാണ്.

ഭാര്യ ഫോണ്‍ എടുത്തു കഴിഞ്ഞു, 'ഹലോ' എന്നവള്‍ പറഞ്ഞു തീരും മുമ്പേ അയാള്‍ ചോദിച്ചു 'എന്തൊക്കെ വിശേഷങ്ങള്‍?'

'സുഖം' എന്നവള്‍ പറഞ്ഞെങ്കിലും അതയാള്‍ കേട്ടില്ല.

'കുട്ടികളെന്തേ' എന്ന അയാളുടെ അടുത്ത ചോദ്യത്തിലായുത്തരം അലിഞ്ഞു പോയിരുന്നു.

യാന്ത്രികമെന്നോണം അവള്‍ ഫോണ്‍ ഓരോ കുട്ടികളുടേയും ചെവിയോടടിപ്പിച്ച് പിടിച്ചു കൊടുത്തു സംസാരിപ്പിച്ചു, ഏതാണ്ടരമണിക്കൂറോളം.

'ഡ്യൂട്ടിക്ക് പോകാറായി മക്കളേ, അമ്മയോട് പറഞ്ഞേക്കൂ' എന്ന് പറഞ്ഞയാള്‍ ഫോണ്‍ വെച്ചു. നിശ്ചലമായ ഫോണില്‍ അവളുടെ അവസാന ശ്രമമെന്നോണം 'ഹലോ'എന്നൊരു പതിഞ്ഞ നിലവിളി നാലു ചുവരുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു.

കഴിഞ്ഞ ദിവസം പതിവുപോലെ അയാള്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ വീട്ടിലില്ലായിരുന്നു, അതുകൊണ്ടു തന്നെ അയാള്‍ ഭാര്യയോട് പതിവിനു വിപരീതമായി ചോദിച്ചു 'നിനക്ക് സുഖമല്ലെ?'

മറുപടിയൊന്നുമവള്‍ പറഞ്ഞില്ല, ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു 'എന്നെ ഓര്‍ക്കാറുണ്ടോ?'

അയാള്‍ക്ക് തൊണ്ട വരളുന്നതുപോലെ തോന്നി, തന്‍റെ നെഞ്ചിനുള്ളിലെപ്പോഴും അവളുണ്ടെങ്കിലും എത്രയോ നാളായി അവളോടു മാത്രമായല്‍പം സംസാരിച്ചിട്ട്....

പണിസ്ഥലത്തു നിന്നുള്ള വിളി കേട്ടയാള്‍ ശരി പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.

വല്ലപ്പോഴുമൊരികല്‍ വിളിച്ചുണര്‍ത്തി, വിദൂര ഫോണ്‍കോളില്‍ എരിഞ്ഞമരുന്ന ദാമ്പത്യം ഋതുമാറ്റത്തിനു കാതോര്‍ത്തിരിക്കുകയാണ്‍ കഴിഞ്ഞുപോയൊരു പൂക്കാലത്തിന്‍റെ നല്ലയോര്‍മ്മയില്‍...

6 comments:

lijeesh k said...

നന്നായിട്ടുണ്ട് ഫസല്‍,
ആശംസകള്‍....!!!!

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു.
ആശംസകള്‍...

ishakh said...

എന്നെയൊന്നു പിടിച്ചുലച്ച പോലെ ......

poothapattu said...

പ്രവാശികലുടെ ഇതുപൊലുള്ള പാട്ടുകള്‍ക്കു എന്നും മനൊഹരിതയുണ്ടാകും

അഭിവാദനങ്ങള്‍
ഹരി

എന്റ്റെ ബ്ലൊഗ്
പൂതപ്പാട്ടു

ഗീത said...

മക്കളായിക്കഴിഞ്ഞാല്‍ കൂട്ടുകാരന്‍/കൂട്ടുകാരി അവഗണിക്കപ്പെടുന്നു അല്ലേ?

അതു തിരിച്ചറിയുമ്പോഴേയ്ക്കും വൈകിപ്പോയുമിരിക്കും.

Anil cheleri kumaran said...

യാന്ത്രിക ജീവിതങ്ങള്‍.