Saturday, August 21, 2010

മഞ്ഞുവീണ വീഥികള്‍

ആര്‍മിയില്‍ ചേരാന്‍ അയാള്‍ക്ക് വേറൊരു കാരണവുമുണ്ടായിരുന്നില്ല, വീട്ടിലെ പട്ടിണിയൊഴികെ. അച്ഛന്‍റെയും അമ്മയുടേയും ചികിത്സക്കുള്ള തുക കണ്ടെത്താനും രണ്ടു നേരത്തെ ആഹാരത്തിനുള്ള വക ഒപ്പിക്കാനുമുള്ള പരക്കംപാച്ചിലിനിടയിലാണ്‍ ആര്‍മിയിലൊരു കൈ നോക്കിയത്.

നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ വേവലാതിയുടേതായിരുന്നു അയാള്‍ക്കെപ്പോഴും, ഈ മാസങ്ങളിലാണ്‍ തണുപ്പ് പറ്റാതെ അച്ഛന്‍റെ വലിവിന്‍റെ അസുഖം പാരമ്യത്തിലെത്തുക. നിലാവും മഞ്ഞും അമ്മക്കേറെ ഇഷ്ടമായിരുന്നു, അതുകൊണ്ടു തന്നെ അയാള്‍ക്കും, പക്ഷെ എന്തോ അച്ഛനു വേണ്ടി രണ്ടു പേരും മഞ്ഞിനെ ഭയപ്പെടാന്‍ തുടങ്ങി.

ആര്‍മിയില്‍ ചേര്‍ന്ന ആദ്യ വര്‍ഷം തന്നെ ജമ്മുവില്‍ ഡ്യൂട്ടി കിട്ടിയപ്പോള്‍ ജോലി തന്നെ വേണ്ടന്നുവെക്കാന്‍ തോന്നിയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടും അമ്മയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധവും അയാളെ അവിടെ പിടിച്ചു നിര്‍ത്തി. ഇന്നിപ്പോള്‍ ഇവിടെ തന്നെ വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. കഠിനദ്ധ്വാനത്തിന്‍റേയും കൃത്യനിഷ്‌ടയുടേയും ഇടയില്‍ ഇപ്പോളയാള്‍ പതുക്കെ പതുക്കെ മഞ്ഞിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളും മഞ്ഞു പാതകളും മഞ്ഞു പൂത്തു നില്‍ക്കുന്ന വഴിമരങ്ങളും എല്ലാം എല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടുപോയിരുന്ന നല്ല കാലത്തെ തിരിച്ച് പിടിക്കലായിരുന്നു.

നിലാവ് കോച്ചിനിന്ന, മൌനം ആര്‍ത്തലച്ചു നിന്ന ഒരു രാത്രിയിലായിരുന്നു ആ സന്ദേശം അയാളെ തേടിയെത്തിയത്, അമ്മയുടെ വിയോഗം. അതിര്‍ത്തിയിലെ ഓരോ വെടിയൊച്ചയും കേട്ട് തനിക്ക് വേണ്ടി പിടഞ്ഞുവീണിരുന്ന അമ്മ ഇനിയൊരു പിടച്ചിലിനു ത്രാണിയില്ലാതെ തന്നെ വിട്ട് പോയിരിക്കുന്നു. അയാള്‍ക്ക് എന്തോ കരയാന്‍ തോന്നിയില്ല.ഒരു മരവിപ്പ് ഉള്ളിലെ കണ്ണീര്‍ തടാകത്തെ നിശ്ചലമാക്കിയിരുന്നു.

'ക്യാ ആപ്കോ കേരലാ ജാനേകാ?'

പിന്നില്‍ നിന്നുള്ള പരുക്കന്‍ ശബ്ദം കേട്ടിടത്തേക്കയാള്‍ മുഖം തിരിച്ചു.

'ജീ സാബ്...' അയാള്‍ യാന്ത്രികമെന്നോണം പ്രതികരിച്ചു.

യാത്രയുടെ ആദ്യാന്ത്യം അയാള്‍ പ്രാര്‍ത്ഥനയിലായിരുന്നു, അമ്മ വിളമ്പിത്തന്നതില്‍ ബാക്കി ഒരു കുമ്പിള്‍ നിലാവും ഒരു തുടം മഞ്ഞും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്....

1 comment:

ശോഭിത said...

നിയോഗം...!!!!