Wednesday, September 1, 2010

കളിപ്പാട്ടങ്ങള്‍

ഭാര്യയേയും മക്കളേയും റയില്‍വേസ്റ്റേഷനിലേക്ക് കൂട്ടിയിരുന്നില്ല, യാത്രയയ്ക്കാനാരെങ്കിലും കൂടെയുണ്ടാകുന്നത് സങ്കടം കൂട്ടുകയേയുള്ളൂ, സ്റ്റേഷനിലെ സിമന്‍റുബെഞ്ചില്‍ ബാഗുവെച്ച് അതില്‍ ചാരിയിരുന്ന് അയാളോരോന്നോര്‍ക്കാന്‍ തുടങ്ങി.

രണ്ടുമാസത്തെ ലീവിനുള്ളില്‍ ചെയ്തു തീര്‍ത്ത ജോലികളില്‍ സംതൃപ്തിയടയുന്നതിനിടയിലും ചെയ്തുതീര്‍ക്കാനാവാതെ പോയ ചില ജോലികള്‍ അയാളെ പിന്നെയും നൊമ്പരപ്പെടുത്താനെത്തി. മുംബെയിലേക്കുള്ള യാത്രക്കാര്‍ തന്നെയെന്നു തോന്നുന്നു പിന്നെയും കുറെ യാത്രികരും അവരെ യാത്രയയ്ക്കാനെത്തിയവരും അതേ പ്ലാറ്റ്ഫോമിലെത്തിത്തുടങ്ങി.

ജയന്തിജനതയുടെ വരവറിയിച്ചുള്ള സ്റ്റേഷനറിയിപ്പ് കേട്ടയാള്‍ യാത്രക്ക് തയ്യാറായി നിന്നു. അല്‍പസമയത്തിനുള്ളില്‍ ദൂരേനിന്ന് ട്രെയിന്‍റെ സയറണ്‍ കേള്‍ക്കാന്‍ തുടങ്ങി. തെല്ലൊരു കിതപ്പോടെ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. ഒരു കണക്കിന്‍ ബോഗിയില്‍ കയറിക്കൂടി സീറ്റ് കണ്ടെത്തി. ട്രെയിനില്‍ അധികം യാത്രക്കാരില്ല ഉള്ളവരെല്ലാം നിശ്ശബ്ദരായിരിപ്പാണ്. കേരളത്തില്‍നിന്ന് തിരിച്ച് പോകുന്ന ഏതൊരു ട്രെയിനിന്‍റെയും സ്ഥിരം കാഴ്ച്ച. തലേരാത്രി ഏറെ വൈകിയാണ്‍ ഉറങ്ങിയതെന്നതുകൊണ്ടും തന്‍റെ ബര്‍ത്ത് മുകളിലത്തേതായതുകൊണ്ടും അയാള്‍ ബാഗ് മേലെവെച്ച് കയറിക്കിടന്നു. സീറ്റിലിരുന്നവര്‍ അയാളെ അപ്പോള്‍ നിര്‍വ്വികാരതയോടെ നോക്കുന്നുണ്ടായിരുന്നു.

ഏതാണ്ടൊരു ആറുമണിയായിക്കാണണം താഴെ നിന്ന് ടി ടി ആര്‍ തട്ടിവിളിച്ച് ടിക്കറ്റാവശ്യപ്പെട്ടു. അയാള്‍ പ്രയാസപ്പെട്ട് ബാഗില്‍നിന്ന് ടിക്കറ്റെടുത്ത് ടി ടി ആര്‍ക്കു നേരെ നീട്ടി. തിരികെ കിട്ടിയ ടിക്കറ്റ് ബാഗില്‍തന്നെ വെച്ച് വീണ്ടും കിടക്കാന്‍ തുടങ്ങിയപ്പോളാണ്‍ താഴെ പെട്ടിയില്‍ നിന്നും കളിപ്പാട്ടമെടുത്തുകൊടുക്കാന്‍ വാശിപിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയേയും അവളുടെ അമ്മയേയും അച്ഛനേയും ശ്രദ്ധയില്‍ പെട്ടത്. തന്‍റെ ഇളയ മകളുടെ പ്രായം കാണും ആ കൊച്ചു സുന്ദരിക്ക് അയാളോര്‍ത്തു. പിന്നെയും അയാള്‍ കിടന്നു എന്നല്ലാതെ ഉറങ്ങാനായില്ല.

കുറച്ചുകഴിഞ്ഞയാള്‍ താഴേക്കുനോക്കുമ്പോള്‍ കുട്ടി അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങുകയാണ്. ദീര്‍ഘയാത്രികരാണെന്ന് തോന്നിപ്പിക്കുംവിധം അവരുടെ അടുത്ത് ഒരു പെട്ടിയും ഒരു വലിയ ബാഗുമിരുപ്പുണ്ട്, അതില്‍ ചാരിയിരുന്ന ഭര്‍ത്താവെന്നുതോന്നിപ്പിക്കുന്നയാളോട് ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. ഭര്‍ത്താവ് എല്ലായ്പ്പോഴും വിസമ്മതത്തോടെ തലയാട്ടുന്നു. അയാള്‍ക്കതില്‍ വല്ലാത്തൊരു കൌതുകം തോന്നി. വ്യക്തമായൊന്നും കേള്‍ക്കാനാവുന്നില്ലെങ്കിലും ഭര്‍ത്താവൊന്നും തിരിച്ചു പറയുന്നില്ലെന്നയാള്‍ക്ക് മനസ്സിലായി.

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണിപ്പോള്‍. കേരളാതിര്‍ത്തി കടന്നിരികുന്നുവെന്നു തോന്നി. ഇപ്പോള്‍ മലയാളികളല്ല അപൂര്‍വ്വമായി ട്രെയിനിലേക്ക് കയറുന്നവരെന്ന് അവരുടെ പരസ്പരമുള്ള സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നുണ്ട്. പിന്നെയും ട്രെയിന്‍ മുന്നോട്ട് പോയിത്തുടങ്ങി. ചിലര്‍ രാത്രി ഭക്ഷണം കഴികാന്‍ തുടങ്ങി, മറ്റു ചിലര്‍ ഭക്ഷണം കഴിച്ചിട്ടോ അല്ലാതെയോ ബര്‍ത്ത് കൊളുത്തി കിടക്കാന്‍ തുടങ്ങുന്നു. കുറച്ചു പേര്‍ അവരവരുടെ ഭാഗത്തെ ലൈറ്റണക്കാനും തുടങ്ങിയിരിക്കുന്നു.

താഴെ അപ്പോഴും ഭാര്യ, ഭര്‍ത്താവിനെ എന്തിനോ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. എന്തായിരുന്നാലും ആ ഭര്‍ത്താവിന്‍ അത് സാധിച്ചു കൊടുത്തുകൂടെ.. അയാളോര്‍ത്തു. കുറച്ചു കഴിഞ്ഞ് അവരും ലൈറ്റണച്ചു. എങ്കിലും ആ ഭാര്യയും ഭര്‍ത്താവും കിടന്നിട്ടില്ല. അവരവരുടെ സീറ്റില്‍ തന്നെ ഇരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് സ്ത്രീ അവരുടെ പെട്ടിയില്‍നിന്ന് ഒരു ചെറിയ കുപ്പി പുറത്തെടുത്തു. ബോഗിയില്‍ ചെറിയ വെളിച്ചമേയുള്ളൂവെങ്കിലും എല്ലാം അയാള്‍ക്ക് മുകളില്‍ കിടന്ന് വ്യക്തമായി കാണാനാവുന്നുണ്ട്. കുപ്പി ഭര്‍ത്താവിനു നേരെ നീട്ടി അത് കുടിക്കാന്‍ സ്ത്രീ നിര്‍ബന്ധിക്കുന്നു, അയാള്‍ വിസമ്മതത്തോടെ തടസ്സം പിടിക്കുന്നു. ഏതെങ്കിലും അസുഖബാധിതനാകുമവരുടെ ഭര്‍ത്താവെന്നായാളോര്‍ത്തു. എങ്കിലയാളാ മരുന്ന് കുടിക്കാന്‍ വിസമ്മതിക്കുന്നതെന്തിനെന്നയാള്‍ ചിന്തിച്ചു. സ്ത്രീ കുപ്പിയുടെ മൂടി തുറന്ന് പിന്നെയും അയാളെ നിര്‍ബന്ധിച്ചുകൊണ്ടിരിന്നു, അയാള്‍ കുടിക്കാതിരിക്കാനും. കുട്ടിയെ സീറ്റില്‍ തന്നെ കിടത്തി സ്ത്രീ കുപ്പിയുമായെഴുന്നേറ്റു. ഭര്‍ത്താവിന്‍റെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് അവര്‍ സീറ്റ് കടന്നുപോയി. ബാത്ത് റൂമില്‍ പോയതാകാം അവര്‍, പതിയെ അയാളുറങ്ങിപ്പോയി..

നേരം പുലര്‍ന്നുവരുന്നതേയുള്ളൂ, ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കുറെ പോലീസുകാര്‍ അകത്തേക്ക് കയറുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു. യാത്രക്കാരില്‍ ചിലര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്, അയാള്‍ക്കൊന്നും മനസ്സിലായില്ല. താഴെയിറങ്ങി ആദ്യം കണ്ട യാത്രക്കാരനോട് വിവരമന്വാഷിച്ചു. ഒരു പുരുഷനും സ്ത്രീയും കുട്ടിയും ബാത്ത് റൂമില്‍ വിഷം കഴിച്ച് മരിച്ചു കിടക്കുന്നത്രെ. അയാള്‍ വേഗം ബാത്ത് റൂം ഭാഗത്തേക്ക് ഓടിയെത്തി നോക്കി. അതെ, അതെ പുരുഷന്‍, അതേ സ്ത്രീ, അതേ പെണ്‍കുട്ടി..പെണ്‍കുട്ടിയുടെ വലം കയ്യില്‍ ഇന്നലെ കളിച്ചുതീര്‍ന്നിട്ടില്ലാത്ത കളിപ്പാട്ടം... അയാള്‍ മിഴിച്ചു നിന്നുപോയി.

കുറച്ചുനേരത്തെ പോലീസുകാരുടെ തിക്കും തിരക്കിനും ശേഷം അവരുടെ ബാഗും പെട്ടിയും പോലീസ് എടുത്തുകൊണ്ടുപോയി. ട്രെയിന്‍റെ സയറണ്‍ പിന്നെയും മുഴങ്ങി, ചെറിയൊരാട്ടത്തോടെ ട്രെയിന്‍ മുന്നോട്ടു നീങ്ങി. സ്റ്റേഷന്‍ ഒരു ചെറിയ പൊട്ടായി കണ്ണില്‍നിന്നും മറയും വരെ അയാള്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. തിരിച്ച് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും പുറത്തെ പാശ്ചാത്തല കാഴ്ച്ചകള്‍ ഏറെ മാറിയിരുന്നു. വിജനമായ ആന്ധ്രയുടെ തരിശുഭൂമിയിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു, അപ്പോള്‍ അയാളുടെ മനസ്സിലേക്കും ഭൂമിയോളം വലുപ്പമുള്ള ഒരു വിജനത ആണ്ടിറങ്ങുന്നുണ്ടായിരുന്നു, അഭിമുഖമായി ഇരുന്നിരുന്ന മൌനത്തിന്‍ കൊലയാളിക്ക് കൂട്ടുനിന്നവന്‍റെ മുഖച്ഛായയായിരുന്നപ്പോള്‍....

12 comments:

Jazmikkutty said...

It was a nice story...

Jishad Cronic said...

good story...

മുകിൽ said...

കൊള്ളാം. ഭൂമിയോളം വലിയ വിജനത അന്തംവിട്ട മനസ്സിലേക്കു ഇഴഞ്ഞിറങ്ങൂന്നതു മനസ്സിലാവുന്നു..

ശോഭിത said...

Good One....
It Happens...!!!

samayamspot said...

നന്നായി ...ജീവിതം അവസാനിപ്പിക്കാന്‍ മടിച്ചിരുന്ന ആയാളുടെ മുഖം ...മനസിലുണ്ട്‌

അനീസ said...

കൊലയാളിക്ക് കൂട്ടുനിന്നവന്‍റെ മുഖച്ഛായയായിരുന്നപ്പോള്‍....GUD

Kattil Abdul Nissar said...

മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം.

Anonymous said...

KATHA NANNAYITTUNDU...

Unknown said...

നല്ല അവതരണം.കഥ ഇഷ്ടമായി

Madhusudanan P.V. said...

ഭംഗിയായി എഴുതി. കഥ ഇഷ്ടപ്പെട്ടു

ഫൈസല്‍ ബാബു said...

നല്ല രസത്തില്‍ വായിച്ചു വരികയായിരുന്നു .അവസാനം അപ്രതീക്ഷിതമായി ഒരു എന്ടിംഗ് .നല്ല ഒഴുക്കോടെ പറഞ്ഞ കഥ !!

samayamspot said...

good,

the
innocent
girl
too....