Saturday, June 29, 2013

വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് ....




"അച്ഛന്‍ മകളെ പീഡിപ്പിച്ചു..." .ടെലിവിഷനിലെ വാര്‍ത്താ വായനക്കാരി വിശദാംശങ്ങളിലേക്ക് കടക്കും മുമ്പേ സൌദാമിനി  അറിയാതെ അടുത്തിരുന്നിരുന്ന മകളെ ചേര്‍ത്ത് പിടിച്ചു പോയി.  ഭര്‍ത്താവിനെ നോക്കിയപ്പോള്‍ അയാള്‍ വാര്‍ത്താ ലോകത്ത് മുഴുകിയിരിപ്പാണ്.   തെല്ലൊരസ്വസ്ഥതയോടെ അവള്‍  ടെലിവിഷനിലെ കൂടുതല്‍ വാര്‍ത്തയിലേക്ക് മുഖം തിരിച്ചു.

സ്റ്റാര്‍ സിംഗര്‍ ആവാറായോ അമ്മച്ചീ.... മകള്‍ അമ്മയുടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് ആട്ടി ചോദിച്ചു...

ഇല്ല.. വാര്‍ത്ത കഴിയട്ടെ... കൊച്ചു മകന് ചോറ് വാരി കൊടുക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

ശോ നാശം കരണ്ട് പോയി....ഭര്‍ത്താവിന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് അവള്‍ കറണ്ട് പോയ വിവരം തന്നെ അരിഞ്ഞത്.

ടേബിളില്‍ വെച്ചിരുന്ന എമര്‍ജന്‍സി ലൈറ്റ് എടുക്കാന്‍ അവള്‍ എഴുന്നേറ്റ് പാതി നടന്നു കാണും പെടുന്നനെ ഇരുട്ടായിരുന്നിട്ടും  എവിടെയും തട്ടാതെയും മുട്ടാതെയും മകളുടെ അടുത്ത് തിരിച്ചെത്തി, അഞ്ചു വയസ്സുള്ള കുട്ടിയായിരുന്നിട്ടും  അവളെ വാരിയെടുത്ത് ഒക്കത്ത് വെച്ച് ടേബിളില്‍ ഇരുന്നിരുന്ന എമര്‍ജന്‍സി ലൈറ്റ് ഓണാക്കി അവള്‍ ഭര്‍ത്താവിന്റെ അടുത്തെത്തി.

ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ഭര്‍ത്താവിനെ നോക്കി....  ഇരുട്ടില്‍ പകച്ചിരുന്നിരുന്ന കൊച്ചുമകനെയും കടന്നു ഭര്‍ത്താവിന്റെ കൈകള്‍ മകളുടെ ഉടലിനായ് പരതിയോ? അവളുടെ ചിന്ത കാടുകയറി.... ഇല്ലായിരിക്കണം...,  അവള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു, പിന്നെയും പിന്നെയും....

No comments: