Sunday, November 18, 2007

ചില വാര്‍ഷികങ്ങള്‍

സ്വതന്ത്ര്യത്തിന്‍റെ അമ്പതാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്ന സമയം, ഞങ്ങളുടെ തോട്ടടുത്ത ഗ്രാമവും ഒരുങ്ങി, ഒരിക്കല്‍പോലും സാമുദായിക സംഘര്‍ഷം ഉണ്ടായിട്ടില്ലാത്തതിന്‍റെ ആഘോഷ ചടങ്ങുകള്‍ക്കായി............


കാത്തു കാത്തിരുന്ന ആ സുദിനം വന്നണഞ്ഞു. കലാപരിപാടികള്‍ക്കു മുന്‍പായുള്ള പൊതു സമ്മേളന ഹാളിലേക്കു പൊതുജനങ്ങളെല്ലാവരും വന്നെത്തി, ആഘോഷപൂര്‍വ്വം, നിറപ്പകിട്ടോടെ.


ആദ്യം ഗ്രാമത്തിലെ അമ്പലത്തിലെ ശാന്തി ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു സ്വാഗത പ്രസംഗം ചെയ്തു കൊണ്ട് ഗ്രാമത്തിന്‍റെ മത സൌഹാര്‍ദ്ദത്തിന്‍റെ പെരുമ കാത്തു സൂക്ഷിക്കണമെന്നഹ്വാനത്തോടെ ഉപസംഹരിച്ചു തന്‍റെ ഇരുപ്പിടത്തിലേക്കു നീങ്ങി.


തുടര്‍ന്നു പ്രാസംഗികനായി എത്തിയത് സ്ഥലത്തെ പേരു കേട്ട ഹാജിയാരായിരുന്നു. പ്രസംഗത്തില്‍ തന്‍റെതായ ശൈലിയുള്ള ഹാജിയാര്‍ തന്‍റെ പ്രസിദ്ധമായ താടിയില്‍ തടവിക്കൊണ്ട് അത്യുഗ്രന്‍ പ്രസംഗത്തിനു ശേഷം സ്ഥലത്തെ പാതിരിക്കു വഴിമാറിക്കൊടിത്തു.


തന്‍റെ ളോഹ ഒന്നു കൂടി ഞെറിഞ്ഞിട്ട് മൂക്കിന്‍മേല്‍ കണ്ണടയുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി സദസ്യരെ ഒരു വട്ടം നോക്കി അഭിസംബോദന ചെയ്തു 'പ്രിയപ്പെട്ട കുഞ്ഞാടൂകളെ' എന്ന മൊഴി അവസാനിക്കുന്നത് ഹാജിയാരുടെ മുഖത്തേക്കു നോക്കിക്കൊണ്ടാണ്. തന്‍റെ താടിയേയും ആടിനേയും ബന്ധപ്പെടുത്തിയുള്ള ഒട്ടനവധി കഥകള്‍ കേട്ടിട്ടുള്ള ഹാജിയാര്‍ക്കിതു പിടിച്ചില്ല, ഉടനെ പ്രതികരിക്കുകയും ചെയ്തു. അതിന്‍റെ ഓളങ്ങള്‍ സദസ്സിലേക്കും പടര്‍ന്നു.


തുടര്‍ന്നു നടന്ന വാക്കുകളും പോര്‍ വിളികളും ആ ഗ്രാമമെന്നല്ല ഇന്ത്യ ഇതുവരെക്കാണാത്ത വര്‍ഗ്ഗീയസംഘര്‍ഷത്തിലേക്കു നയിച്ചു എന്നത് ചരിത്രത്തിലില്ലാത്ത ചരിത്രം.


അങ്ങിനെയൊന്നുണ്ടാക്കതിരിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ജെയ് ഹിന്ദ്

2 comments:

ഏ.ആര്‍. നജീം said...

ഹഹാ, എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാകുന്നതെന്ന് നോക്കിയേ

ശ്രീഹരി::Sreehari said...

good one :)