Wednesday, February 13, 2008

ഇതാ ഇവിടെ ഒരു ഭൂമി കുലുക്കം

ബോംബെയില്‍(അന്ന് മുംമ്പൈ അല്ല) ഏഴ് പേരും എട്ട് പേരും ഒരു റൂമില്‍ താമസിക്കുക എന്നത് പ്രത്യാകത ഒന്നുമില്ലാത്ത കാര്യമാണെങ്കിലും, ആദ്യമായി ബോംബെയിലെത്തിയ എനിക്കത് അത്ഭുതക്കാഴ്ച്ചയായിരുന്നു. പതുക്കെ പതുക്കെ ഞാനും ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ പഠിച്ചു.


പതിനെട്ടു പേര്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ ഓഫീസില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഇവര്‍ രണ്ട് പേരും മറ്റുള്ളവരില്‍ നിന്നും ഒരു പ്രത്യാക അകലം എപ്പോഴും സൂക്ഷിച്ചുരുന്നു, ഇവര്‍ രണ്ട് പേരും ഞാന്‍ താമസിച്ചിരുന്ന റൂമില്‍ എന്‍റെ തൊട്ടടുത്ത കട്ടിലിലായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്...


ബോംബെയിലെ ഋതുഭേദങ്ങളെന്നെ ഭയപ്പെടുത്തിയും നൊമ്പരപ്പെടുത്തിയും കടന്നു പോയ്ക്കൊണ്ടിരുന്നു. ആയിടെയായിരുന്നു ഗുജ്റാത്തില്‍ ഭൂമികുലുക്കം ഉണ്ടായതും വളരെയധികം ജീവന്‍ അപഹരിക്കപ്പെട്ടതും. അന്ന് രാത്രി ഞങ്ങള്‍ ഭൂമിക്കുലുക്കത്തെക്കുറിച്ചേറെ സംസാരിച്ചു. എങ്ങിനെ ഭൂമികുലുക്കം ഉണ്ടാകുമെന്നും ഉണ്ടായാല്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ എന്തു ചെയ്യണമെന്നും അറിവുള്ളവരും അറിവില്ലാത്തവരും അറിവുള്ളപോലെയും അറിവില്ലാത്ത പോലെയും പറഞ്ഞ് കൊണ്ടിരുന്നു


ഭീതിയോടെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു, പുലര്‍ച്ചെ അഞ്ച് മണി ആയിക്കാണും, റൂമിനു പുറത്ത് ചാരി വെച്ചിരുന്ന ഫ്യൂസായ റ്റ്യൂബ് ലൈറ്റ് എങ്ങിനെയോ മറിഞ്ഞ് വീണുണ്ടായ ശബ്ദം കേട്ട് സഹോദരങ്ങളിലൊരാള്‍ ചാടിയെഴുന്നേറ്റ് അനുജനെ സ്വരം താഴ്ത്തി എന്നാല്‍ ഭയത്തോടെ (മറ്റാരും കേള്‍ക്കതെ) വിളിച്ചു. 'നസീറെ, നസീറെ' ഈ ശബ്ദം കേട്ടാണ്‍ തൊട്ടടുത്ത് കിടന്നിരുന്ന ജോസ് എഴുന്നേല്‍ക്കുന്നത്, അവനും കേട്ടിരുന്നു ഭൂമി കുലുക്കം പോലെയുള്ള റ്റ്യൂബ് പൊട്ടിയ ശബ്ദം. ജ്യേഷ്ടന്‍റെ ഭീതിയോടെയുള്ള ശബ്ദം കേട്ടപ്പോള്‍ അവനും ഉറപ്പിച്ചു 'ഇത് ഭൂമി കുലുക്കം തന്നെ'. അവന്‍ എല്ലാവരെയും വിളിച്ചു എല്ലാവരും മുറിക്കു പുറത്തു കടന്നു


അപ്പോഴും ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം കഴിഞ്ഞുണരാറുള്ള അനുജനെ ഉണര്‍ത്താനുള്ള ജ്യേഷ്ടന്‍റെ ശ്രമം തുടരുന്നത് തെല്ലൊന്ന് ആഹ്ലാദത്തോടെയും തികഞ്ഞ ആശ്വാസത്തോടേയും ഞങ്ങള്‍ പുറത്ത് നിന്ന് ജാലകത്തിലൂടെ കാണുകയായിരുന്നു. (ഈയടുത്ത് പഴയ ആ നസീറിനെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്, പരസ്പരം ഒരിക്കല്‍ക്കൂടി പങ്കുവെച്ചത്).

3 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓര്‍മ്മ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മഞ്ജു കല്യാണി said...

"അപ്പോഴും ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം കഴിഞ്ഞുണരാറുള്ള അനുജനെ ഉണര്‍ത്താനുള്ള ജ്യേഷ്ടന്‍റെ ശ്രമം തുടരുന്നത് തെല്ലൊന്ന് ആഹ്ലാദത്തോടെയും തികഞ്ഞ ആശ്വാസത്തോടേയും ഞങ്ങള്‍ പുറത്ത് നിന്ന് ജാലകത്തിലൂടെ കാണുകയായിരുന്നു”

കൊള്ളാല്ലോ...
:)