Sunday, February 24, 2008

ചെന്താമരപ്പൂവിന്‍റെ ഓര്‍മ്മക്ക്...

മഴയൊഴിഞ്ഞൊരിടവേളയില്‍ പടിഞ്ഞാറെ കോലായിലിരുന്നിരുന്ന കൊച്ചു കുട്ടി ആരുമറിയാതെ താഴെ തൊടിയും കടന്ന് വയല്‍ വരമ്പിലൂടെ ഇടക്കു കണ്ട ചെറിയ ചെളിക്കുണ്ടുകളില്‍ നിന്ന് ചെളിവെള്ളം തെറിപ്പിച്ച് ഏറെ ദൂരം ഓടിക്കിതച്ചു നിന്നു. ഇടക്കിടെ തലയില്‍ നിന്നും ഇളകി വീണിരുന്നിരുന്ന പാളത്തൊപ്പിയിലെ ചെളി തോട്ടിന്‍ കരയിലിരുന്ന് കയ്യെത്തിച്ച് വെള്ളം തട്ടിച്ചിതറിച്ച് കഴുകിക്കളഞ്ഞു.

കണ്ണെത്താ ദൂരങ്ങളില്‍ ചിത്രം വരച്ച പോലെ തെങ്ങിന്‍ കൂട്ടങ്ങള്‍ പാടശേഖരത്തിനു ചുറ്റും വേലിപോലെ നില്‍ക്കുന്നതും ഇടക്കിടെ വീശുന്ന ചെറിയ കാറ്റില്‍ ഇളകി നെറ്റിത്തടത്തിലേക്കു വീണിരുന്നിരുന്ന നീണ്ട തലമുടി കൈവിരലുകളാല്‍ മെല്ലെയൊതുക്കിയും താമരക്കുളത്തിനു നേര്‍ക്ക് പതിയെ പതിയെ അവന്‍ നടന്നടുത്തു.

ഒത്തിരി നാളത്തെ മോഹമായിരുന്നു താമരക്കുളത്തിലെ വിടര്‍ന്നു നില്‍ക്കുന്ന ചെന്തമരപ്പൂ സ്വന്തം കൈകൊണ്ട് പറിച്ചെടുത്ത് തണ്ടൊടിച്ച് മാലയുണ്ടാക്കണമെന്നത്. നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന കുളത്തിന്‍റെ പ്രതലത്തില്‍ ചാറി വീണു തുടങ്ങിയിരുന്നിരുന്ന ചാറ്റല്‍മഴത്തുള്ളികളെ വകവെക്കാതെ ഒരു വലിയ ചെന്താമരപ്പൂ പറിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ കാല്‍ വഴുതി കുളത്തിലേക്ക് തെന്നിവീണ കുട്ടി തെല്ലൊരു കരവിരുതോടെ താമരയും കയ്യിലേന്തി കരകയറി. ചുറ്റും ആരുമില്ലെന്നുറപ്പായതോടെ ട്രൌസര്‍ അഴിച്ച് പിഴിഞ്ഞെടുത്ത് രണ്ടാമത് ഇട്ടു. കുറച്ചു നേരം കൂടി വയല്‍ വരമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു

പെട്ടന്നാണ്‍ മാനം കൂടുതല്‍ കറുത്തതും ചാറ്റല്‍ മഴ ശക്തമായിത്തുടങ്ങിയതും, മഴ കുറച്ചു കൂടി കൊള്ളണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ കാലുകള്‍ക്ക് വീട്ടിലേക്കുള്ള വഴിയിലൂടെ വേഗതയേറി.

വീടിന്‍റെ പിന്നാമ്പുറത്തുകൂടെ കയറി അകത്തെ കട്ടിലിലിരുന്നിരുന്ന ചെറിയ ലുങ്കി എടുത്തുടുത്ത് ട്രൌസര്‍ ഊരി കോലായിലേക്കെറിഞ്ഞ്, ഞാനിവിടെയൊക്കെയുണ്ടെന്ന ഭാവത്തില്‍ ഉമ്മയുടെ മുന്നിലൂടെ മൂന്നു നാലു വട്ടം റോന്ത് ചുറ്റിയിട്ടും ഉമ്മ എന്നോടൊന്നും പറയാതിരുന്നതില്‍ അത്ഭുതം പൂണ്ട് ഞാന്‍ ഇത്തയുടെ അടുത്തെത്തിയപ്പോഴാണ്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേള്‍ക്കുന്നത്.

താമര കൊണ്ടു വരാമെന്നു പറഞ്ഞ് പലവട്ടം എന്നെ കൊതിപ്പിക്കുകയും ഇടക്കിടക്ക് ചെന്താമര കടയോടെ കൊണ്ട് വന്ന് മാലയുണ്ടാക്കി തരികയും ചെയ്തിരുന്ന എന്‍റെ ബാപ്പുപ്പ (grand father) ആശുപത്രിയില്‍ വെച്ച് എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പോയ വിവരം..

ബാപ്പുപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളും ചെന്താമരപ്പൂവിന്‍റെ മനോഹാരിതയും ചുവന്ന കുപ്പിവളപ്പൊട്ടിനേക്കാള്‍ നിറഭംഗിയോടെ എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു നൊമ്പരമായിന്നും...

12 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബാപ്പുപ്പയെക്കുറിച്ചുള്ള ഓര്‍മ്മകളും ചെന്താമരപ്പൂവിന്‍റെ മനോഹാരിതയും
വളരെ കാല്പനികമായി തന്നെ താങ്കള്‍ നിര്‍വഹിച്ചിരിയ്ക്കുന്നു ആശംസകള്‍.

ഉപാസന || Upasana said...

എഴുത്ത് ഇഷ്ടമായി ഫസല്‍
:-)
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതൊരു മധുരനൊമ്പരമല്ലേ...

ശ്രീ said...

കൊള്ളാം, ഫസല്‍.
:)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഒര്‍മ്മയുടെ കണ്ണാടിയില്‍ ഒരിക്കലും പോറല്‍ വീഴാത്ത ചിത്രങ്ങളുണ്ട്‌. ബാപ്പൂപ്പ അല്ല്ലെങ്കില്‍ ഉപ്പൂപ്പ, മുത്തഛന്‍ എന്നെക്കൊ പറയുംബോള്‍ തന്നെ സ്നേഹത്തിന്റെ കടലുണ്ടതില്‍, ഒരു തലോടലുണ്ട്‌. അത്‌ അനുഭവിപ്പിച്ചതിന്ന് നന്ദി.

മഞ്ജു കല്യാണി said...

ഓറ്മ്മക്കുറിപ്പ് നന്നായിരിയ്ക്കുന്നു....

ബഷീർ said...

ബാപ്പുപ്പയെക്കുറിച്ചുള്ള സ്നേഹ സമരണകള്‍ നന്നായിരിയ്ക്കുന്നു....
..

Doney said...

നന്നായിരിയ്ക്കുന്നു....

Rafeeq said...

ചിലതങ്ങിനെയാണു..
മെല്ലെ നാമറിയാതെ വേദനിപിച്ചങ്ങു കടന്നു കളയും..

midhun raj kalpetta said...

ormakalkkennum sugandhamaanu....

Unknown said...

നന്നായിട്ടുണ്ട് ഫൈസല്‍

Unknown said...

സ്നേഹവും, സ്മരണയും...
നല്ല കുറിപ്പ്..
ആദ്യമായിട്ടാ ഞാന്‍ ഈ ബ്ലോഗിലെത്തുന്നത്. വായിച്ചപ്പോ ഇഷ്റ്റമായി. ഇനീം വരാം... ആശംസകള്‍.