Sunday, June 8, 2008

ഓര്‍മ്മത്തുരുത്ത്

ഭാസ്കരന്‍മാഷ് ആറിലും ഏഴിലും എന്നെ സാമൂഹ്യപാഠം പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകനാണെങ്കിലും മാഷുമായി ഞാന്‍ ഏറെ അടുക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. ശരീര പ്രകൃതികൊണ്ട് കുറിയവനും മനസ്സിന്‍റെ വലിപ്പം കൊണ്ട് വലിയവനുമായിരുന്ന മാഷുമായി ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി ലൈബ്രറിയില്‍ വെച്ചാണ്‍ ആദ്യമെന്നോണം പരിചയപ്പെടുന്നത്. സ്വാഭാവികമായും ആയിരമായിരം വിദ്യാര്‍ത്ഥികളുടെ മുഖം കണ്ടുമറന്ന മാഷോട് ഞാന്‍ പറയുകയായിരുന്നു മാഷുടെ വിദ്യാര്‍ത്ഥിയായിരുന്നു ഞാനെന്ന്.
സംസാരപ്രിയനായിരുന്നില്ല മാഷെങ്കിലും എന്തോ ഒരു ദുഖം മാഷുടെ മുഖത്ത് എനിക്ക് കാണാന്‍ കഴിഞ്ഞതു കൊണ്ട് ഞാന്‍ തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നേരിട്ട് ചോദിച്ചെങ്കിലും മാഷ് വ്യക്തമായൊരുത്തരവും പറഞ്ഞില്ല. ഇനിയൊരിക്കലും അതു ഞാന്‍ ചോദിക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ്‍ പിറ്റെ ദിവസം തന്നെ മാഷ് ലൈബ്രറിയില്‍ വെച്ച് കണ്ടപ്പോള്‍ നമുക്കല്‍പം നടക്കാം എന്ന് പറഞ്ഞത്..
മൂന്നു പെണ്കുട്ടികളാണ്‍ മാഷ്ക്കെന്നും അതില്‍ മൂത്ത പെണ്കുട്ടി സ്നേഹിച്ച ചെറുക്കനോടോത്ത് ഓടിപ്പോയ കാര്യവും അതില്‍ മനം നൊന്ത് ഭാര്യക്കുണ്ടായ മാനസ്സിക അസുഖവും എന്നോട് പറഞ്ഞപ്പോള്‍ ഞാനും എന്തോ വല്ലത്തൊരവസ്ഥയിലായിപ്പോയി. ഏകദേശം രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ ലൈബ്രറിയില്‍ വെച്ച് കാണുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. ഇതിനിടക്ക് പലവട്ടം മാഷിനെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മാഷ് വന്നിരുന്നില്ല, പല വട്ടം മാഷ് എന്നെ മാഷുടെ വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും ഞാനും പോയിരുന്നില്ല മാഷുടെ വീട്ടിലേക്ക്.
ജോലി കിട്ടി ബോംബെയിലേക്ക് പോകുന്നതിന്‍റെയന്ന് കാലത്ത് ഞാന്‍ മാഷെ ചെന്ന് കണ്ടിരുന്നു. നിസ്സംഗനായി എന്നെ യാത്രയയ്ക്കുമ്പഴോ അല്ലെങ്കില്‍ ബോംബെയില്‍ ജോലി ചെയ്തിരുന്ന സമയത്തോ എന്തോ ഞാന്‍ മാഷുമായി ബന്ധപ്പെടാനോ മാഷെക്കുറിച്ചെന്വാഷിക്കുവാനോ മെനക്കെട്ടില്ല. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയതിന്‍റെ പിറ്റെ ദിവസം തന്നെ മാഷെ തിരഞ്ഞ് ഞാന്‍ മാഷുടെ വീടിന്‍റെ വെളിയില്‍ ഏറെ നിന്നു, ക്ഷമകെട്ട് ഒടുവില്‍ ഞാന്‍ വീട്ടിലേക്ക് കയറിച്ചെന്ന് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.പുറത്തു വന്ന സ്ത്രീയോട് ഞാന്‍ ഭാസ്ക്കരന്മാഷെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരിവിടെ നിന്നും പോയെന്നും എവിടെയാണിപ്പോള്‍ എന്നറിയില്ലെന്നും പറഞ്ഞതോടെ ഞാന്‍ അന്വാഷിക്കാന്‍ ഇരിങ്ങാലക്കുടയില്‍ ഇടം ബാക്കിയില്ലാതായി.
ഓരോ ചെറു റോഡിലൂടെയും ഓരോ ആള്‍ക്കൂട്ടത്തിലും ലൈബ്രറിയിലും ഞാന്‍ ആകാംക്ഷയോടെ തിരയുമായിരുന്നു. സ്ക്കൂളില്‍ ചെന്നന്വാഷിച്ചപ്പോള്‍ പഴയ വീടിന്‍റെ അഡ്രസ്സാന്‍ എനിക്ക് കിട്ടിയത്..
എനിക്കിനി മാഷെ കാണാന്‍ പറ്റുമോ ഇല്ലയോ എന്നറിയാതെ ജോലിയുടെ ഭാഗമായി ബഹ്റൈനിലും വന്നെത്തി രണ്ട വര്‍ഷം മുമ്പ് ആ വിവരം അറിഞ്ഞു, മാഷ് ഞങ്ങളെ വിട്ട് പോയി. സ്ക്കൂളില്‍ നിന്നാണാ വിവരം അറിഞ്ഞത്..എന്‍റെ വികാരം എഴുതിയറിയിക്കാന്‍ ഞാന്‍ പരാജയപ്പെടുന്നു. നാളെ ഒമ്പതാം തിയ്യതി, മാഷ് ഞങ്ങളെ വിട്ട് പോയിട്ട് രണ്ട് വര്‍ഷമാകുന്നു.

11 comments:

ഫസല്‍ ബിനാലി.. said...

മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം

തണല്‍ said...

ഒരു ഗുരു ദക്ഷിണയായിരിക്കട്ടെ ഫസലേ..!

രസികന്‍ said...

എന്തും തമാശയോടെ കാണാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എനിക്ക് എന്തോ......... ഫസലിന്റെ കഥ മനസ്സിന്റെ എവിടെയൊക്കെയോ പിടിച്ചു ............

എന്തെങ്കിലും വളിപ്പന്‍ തമാശ കമന്റാന്‍ വന്ന എനിക്ക് അതിന് കഴിയുന്നില്ലല്ലോ ഫസല്‍

എഴുത്തുകാരന്‍റെ ശൈലികള്‍ ആയിരിക്കും വായനക്കാരന്റെ മനസ്സിനെ പിടിച്ചിരുത്തുന്നത്

ഫസല്‍ വളരെ നന്നായിരുന്നു . മാഷിന്‍റെ ഓര്‍മകള്‍ ഇനിമുതല്‍ ഞങ്ങളിലും ഉണ്ട്

ആശംസകള്‍

OAB/ഒഎബി said...

മാഷേ എന്ന് വിളിക്കാന്‍ മാത്രം ബന്ധമുള്ള ഒരു മാഷും എനിക്കില്ല. (അതിന്‍ സ്കൂളില്‍ പോണം) ഉള്ളത് നിങ്ങളെ പോലുള്ള മാഷ് മാത്രം.

ശ്രീ said...

ഈ കുറിപ്പ് നന്നായി, ഫസലേ...

ഒരു സ്നേഹിതന്‍ said...

ഫസല്‍ .... ഞാന്‍ എന്റെ സ്കൂള്‍ ജീവിതത്തിലെക്കൊരു നിമിഷം യാത്രയായി, അധ്യാപകന്‍ ശരിക്കു വിദ്യാര്‍ദ്ധിക്ക് ആരാണെന്ന് ചിന്തിക്കാനും നിങ്ങളുടെ ഈ കൊച്ചു കുറിപ്പിനു സാധിച്ചു...
ഒരുപാടു നന്ദിയുണ്ട്, കൂടെ ഒരായിരം ആശംസകളും...

Rafeeq said...

ഫസലേ.. മാഷിന്റെ ഓര്‍മ്മ നന്നായിട്ടുണ്ട്‌..
മനസ്സില്‍ തട്ടി..

Unknown said...

ഫസൽ,
ഒരു പാടു പേർ ഇതു പോലെ നമ്മിൽ നിന്നു വേർപെട്ടു പോവുന്നു. അതൊരു വേദനയായി മനസ്സിൽ കിടന്നു വിങും അല്ലേ ...
ഓർമകൽ പങ്കിട്ടതിനു.....

നജീബ് ചേന്നമങല്ലൂർ.

Unknown said...

എനിക്കും ഭാസകരന്‍ മാഷെ പോലെ ഒരു സാറ്
ഉണ്ടായിരുന്നു.പുല്പറമ്പില്‍ ജോസ് സാര്‍ സാറിന്റെ
മരണം ഞാന്‍ ദുബായില്‍ വച്ചാണ് അറിയുന്നത്
അഞ്ചാ ക്ലാസിലെ സാറിന്റെ ഇംഗ്ലിഷ് ക്ലാസ് ഇപ്പോഴും ഓര്‍ത്തു പോകും ആ തല്ലിന്റെ വേദന
എന്നിട്ടും മാഷ് മനസില്‍ മായാത്ത ഒരു വേദനയായിട്ട്

ഗോപക്‌ യു ആര്‍ said...

there r so many such these people 2 whom we
can do no help at all...

Lathika subhash said...

ഫസല്‍,
ഈ ഗുരുദക്ഷിണ കണ്ട് ഞാനും ഒരു നിമിഷം
ഗുരുവന്ദനത്തിനായ് തിരിഞ്ഞു നിന്നുപോയ്..
എഴുത്തിനിരുത്തിയ നമ്പൂതിരിസാര്‍
ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന് ‘ചിന്തം വര’ പ്പിച്ച കൊച്ചു വേലു ആശാന്‍..
എം.ഏക്കു മില്‍ട്ടണേയും ചോസറേയും
ഹ്രുദ്യമായവതരിപ്പിച്ച എലിസബത് ടീച്ചര്‍ ..
എല്ലാവര്‍ക്കും.. വന്ദനം...നന്ദി ഫസല്‍...