Sunday, June 15, 2008

ചിതല്‍ പുറ്റുകള്‍...

ഇരുട്ട് പരക്കാന്‍ തുടങ്ങുന്നതേയുള്ളൂ, ചെറുകാറ്റിന്‍റെ കൈകളിലേറി ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് തൂവി വീണ ജലകണങ്ങളുടെ വശ്യതയില്‍ അറിയാതെ കാലുകള്‍ ജനലരികിലേക്കയാളെ എത്തിച്ചു. മഴ ചാറിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, ചെറിയ കാറ്റുണ്ടായിരുന്നതു കൊണ്ട് സംശയമായിരുന്നു മഴ പെയ്യുമോ ഇല്ലയോ എന്ന്. മഴയേറെ ഇഷ്ടമായിരുന്നെങ്കിലും ഇപ്പോള്‍ മഴ പെയ്യരുതേ എന്നായിരുന്നു പ്രാര്‍ത്ഥന..

ഇളകിയകന്നിരുന്ന ഓടുകള്‍ക്കിടയിലൂടെ വെള്ളം അകത്തേക്കൊലിച്ചിറങ്ങുമ്പോള്‍ ഭാര്യയുടെ തീക്ഷ്ണമായ നോട്ടം അയാളെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. ഓലക്കീറുകള്‍ വെച്ച് ഓടുകള്‍ക്കിടയിലെ വിടവുകളടച്ചടച്ച് ഇപ്പോള്‍ മുകളിലോട്ട് നോക്കുമ്പോള്‍ ഓടുകളേക്കാള്‍ ഓലക്കീറുകളാണ്‍ കാണാന്‍ കഴിയുന്നത്. ദ്രവിച്ചു തീരാറായ പട്ടികകളും കഴുക്കോലുകളും പണ്ടെങ്ങോ ഓടുകളെ താങ്ങി നിന്നിരുന്നതിന്‍റെ ഓര്‍മ്മയില്‍ നില്‍ക്കുകയാണ്. ഒരു വിരല്‍ സ്പര്‍ശം മതി എല്ലാം ഒന്നിച്ച് നിലം പൊത്താന്‍.

കാറ്റിനല്‍പം ശക്തി കുറഞ്ഞിരിക്കുന്നുവിപ്പോള്‍, മഴ പതുക്കെ പതുക്കെ പടരുകയാണ്. ഇടയ്ക്കു വന്ന മിന്നല്‍ പിണരിന്‍റെ വെളിച്ചത്തില്‍ ദൂരെ ഇടവഴിയിലൂടെ ആരോ കുട ചൂടി നടന്നു പോകുന്ന അവ്യക്തമായ ചിത്രം കാണാനാകുന്നുണ്ട്. അത്രയും നേരം കാല്‍പാദങ്ങളോട് മുട്ടിയുരുമ്മി നിന്നിരുന്ന മണിപ്പൂച്ചയും കോലായിയിലെ തിണ്ണയോടു ചേര്‍ന്നുള്ള മൂലയില്‍ പുറത്തുനിന്ന് ചാഞ്ഞ് വീശിയ മഴക്കാറ്റിനോട് നീരസം കാട്ടി തിരിഞ്ഞ് കിടക്കാനും തുടങ്ങി.

ചാറിക്കൊണ്ടിരുന്ന മഴയെ വിഴുങ്ങി ഒരാരവത്തോടെ പടിഞ്ഞാറുനിന്നൊരു മഴ മനസ്സില്‍ തീ കോരിയിട്ട് തിമര്‍ത്തു പെയ്യാന്‍ തുടങ്ങി. വെള്ളം ചോരുന്നിടത്തൊക്കെ ഭാര്യ പാത്രങ്ങള്‍ നിരത്തിക്കഴിഞ്ഞു, കുട്ടികള്‍ സ്ക്കൂളിലേക്ക് ചോറു കൊണ്ടു പോകുന്ന പാത്രമടക്കം വീടാകെ പലയിടങ്ങളിലായി നിരന്നു. ഭാര്യയുടെ പിറുപിറുപ്പ് കേട്ടില്ലെന്ന് നടിക്കാന്‍ പരമാവധി ശ്രമിക്കുന്നതിനിടയിലെവിടെയോ പരാജയപ്പെട്ടു പോയ അയാള്‍ എന്തൊക്കെയോ തിരിച്ചും പറയാന്‍ തുടങ്ങി. വിധിയെപ്പഴിച്ച് വേദനയുടെ ഉത്തരവാദിത്തം പങ്കുവെക്കുവാനുള്ള അയാളുടെ എല്ലാ ശ്രമവും ചുറ്റുപാടുമുള്ള ഭര്‍ത്താക്കന്മാരേയും തന്നേയും വെച്ച് മാറ്റുരച്ചു നോക്കിയവള്‍ നിര്‍ദയം പുച്ഛിച്ചു തള്ളി.

അവളിങ്ങനെയാണ്‍ അവസാനത്തെ പറച്ചില്‍ അവളുടേതായിരിക്കണം, അതു വരെ അവള്‍ പറഞ്ഞുകൊണ്ടേയിരിക്കും, അതുകൊണ്ട് തന്നെ കുറച്ചു നേരത്തിനു ശേഷം അയാള്‍ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു. മഴയുടെ ആരവത്തിനിടക്ക് ഭാര്യ ഭര്‍ത്താക്കന്മാരുടെ ഉച്ചത്തിലുള്ള സംസാരം അലോസരമാവാതെ ഉറങ്ങുകയായിരുന്ന കുട്ടികളെ ചൂണ്ടി കാട്ടി അയാള്‍ പറഞ്ഞു കുട്ടികള്‍ ഉണരും കുറച്ചു നേരം മിണ്ടാതെയിരിക്കൂ. മുടി വാരിയൊതുക്കി കെട്ടി വെച്ചവള്‍ മൌനമായ് കിടക്കപ്പായിലേക്ക് ചാഞ്ഞു.

പിന്നെയുമയാള്‍ ഭവന വായ്പയുടെ ചൂടുള്ള ചിന്തകള്‍ തലയില്‍ നിറച്ച് ജനല്‍ക്കമ്പിയിലെ തണുപ്പില്‍ മുഖം ചേര്‍ത്തിരുന്നു. അപ്പോഴും മഴയുടെ ആരോഹണ അവരോഹണങ്ങളറിയാതെ ചോര്‍ന്ന് വീണിരുന്ന മഴത്തുള്ളികള്‍ പല തരത്തിലുള്ള പാത്രങ്ങളില്‍ വീണുടഞ്ഞ് ചങ്ക് തുളക്കുന്ന സംഗീതം പൊഴിക്കുന്നുണ്ടായിരുന്നു.....

29 comments:

ഫസല്‍ ബിനാലി.. said...

കഥ പോലെയൊന്ന്.., നിങ്ങളുടെ അഭിപ്രായം അറിയിക്കുക, വിമര്‍ശനങ്ങളടക്കം. നന്ദി.

തണല്‍ said...

മനസ്സില്‍ തീ കോരിയിട്ട് മഴ..കൊള്ളാം!

shahir chennamangallur said...

എന്തോ പ്രശ്നമ്ണ്ടല്ലോ ..വായിക്കാന് പറ്റുന്നില്ല. അക്ഷരങ്ങള് എല്ലാം ചിതറി കിടക്കുന്നു.

Unknown said...

മനസിനെ വല്ലാതെ സ്പര്‍ശിച്ചു ഫസല്‍
മഴപെയ്യുന്നത് മനസിലാണെന്നു തോന്നി
എന്തൊരു തീക്ഷണത മാഷെ വരികള്‍ക്ക്

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ചെറിയൊരു കുഞ്ഞിക്കഥപോലെ തോന്നീ മാഷെ.. നന്നായിട്ടുണ്ട്.

ബഷീർ said...

( അവളിങ്ങനെയാണ്‍ അവസാനത്തെ പറച്ചില്‍ അവളുടേതായിരിക്കണം,)


ചില തോറ്റു കൊടുക്കലുകള്‍ കൊണ്ട്‌ പല നേട്ടങ്ങളുമുണ്ടാകും..
പറച്ചില്‍ അവളുടെതാകട്ടെ.. അയാളുടെ ഉറക്കം നഷ്ടമായിട്ടാണെങ്കിലും



കഥയല്ല.. ജീവിതം... പലര്‍ക്കും പലയിടത്തും

നന്നായിട്ടുണ്ട്‌

ഒരു സ്നേഹിതന്‍ said...

കഥ നന്നായിട്ടുണ്ട്....

"കുട്ടികള്‍ ഉണരും കുറച്ചു നേരം മിണ്ടാതെയിരിക്കൂ. മുടി വാരിയൊതുക്കി കെട്ടി വെച്ചവള്‍ മൌനമായ് കിടക്കപ്പായിലേക്ക് ചാഞ്ഞു."
അതാണ് കുട്ടികള്‍...

പല ദാമ്ബത്യ വിജയങ്ങള്‍ക്കും പിന്നില്‍ കുട്ടികളാണ്...
അവര്ക്കു വേണ്ടി ക്ഷമിക്കുന്നവര്‍ ഒരുപാടു..
അത് ആണായാലും, പെണ്ണായാലും....

ഫസല്‍ ബിനാലി.. said...

തണല്‍..
തീര്‍ച്ചയായും, കടലോരത്തെ കൂരകളില്‍, മലഞ്ചെരുവിലെ കുടിലുകളില്‍ കിളിര്‍ത്ത പാടത്തിന്‍ കരയിലും റോഡുവക്കില്‍ എന്നു വേണ്ട വീടെന്ന പേരു മാത്രം പേറുന്ന മേല്ക്കുരക്കു താഴെയുള്ളവന്‍ മഴയെന്ന അനുഗ്രഹം തണുപ്പിനേക്കാള്‍ തീയണ്‍ മനസ്സിലേക്ക് കോരിയിടുന്നത്.........നന്ദി.

ഷാഹിര്‍ഭായ്..
ഇപ്പോള്‍ കുഴപ്പമൊന്നും കാണുന്നില്ലല്ലോ... വായിക്കാന്‍ ശ്രമിച്ചതിനും വെബിലെ പ്രശ്നം ചൂണ്ടി കാട്ടിയതിനും നന്ദി...

അനൂപ്...
തീര്‍ച്ചയായും താങ്കളെന്‍റെ മനസ്സ് കണ്ടു.......... നന്ദി

സജീ...
നന്ദി, വന്നതിനും, എന്നെ വായിച്ചതിനും കമന്‍റെ ഇട്ടതിനും

ബഷീര്‍ഭായ്..
തോറ്റുകൊടുക്കലുകളുടെ വിജയം...തീര്‍ച്ചയായും അത് സ്വന്തങ്ങള്‍ക്കാകുമ്പോള്‍ മധുരം ഇരട്ടിയാണ്.........നന്ദി.

സ്നഹിതാ..
കുട്ടികളുടെ മനശാസ്ത്രം..കുട്ടികള്‍ നമ്മില്‍ വരുത്തുന്ന മനശാസ്ത്രവും.............നന്ദി.

OAB/ഒഎബി said...

കുട്ടിക്കാലം ഒന്ന് ഓറ്ത്ത് പോയി.
ലാസ്റ്റ് തുടരും എന്ന് കാണുമെന്ന് ഊഹിച്ചു. അതിന്റെ ആവശ്യമില്ലാതെ തന്നെ നല്ല ഒരു പോയിന്റില്‍ നിറ്ത്തി.
ഭാവുകങ്ങള്‍.

Unknown said...

മഴയെക്കുറിച്ച് എന്തെഴുതിയാലും നന്നാകും. ഇതും നല്ലത്.

siva // ശിവ said...

മഴയുടെ സൌന്ദര്യവും ഒരു സാധാരണക്കാരന്റെ മഴക്കാല ചിന്തകളും സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. എനിക്ക് ഈ കഥ ഏറെ ഇഷ്ടമായി.

ജ്യോനവന്‍ said...

കഥയുടെ തലക്കെട്ട് ഒരു കവിയിട്ടതുപോലെ....!

Chumma Vannatha said...

പാവം ഭർത്താവ്‌ അല്ലേ.
ഭാര്യയും പാവം തന്നെ അല്ലേ?വിഷമം കൊണ്ടു പിറുപിറുത്തതാവും.
എങ്കിലും ഉള്ളിന്റെ ഉള്ളിൽ രണ്ടു പേർക്കും സ്നേഹം തന്നെ ആവും അല്ലെ?

ഫസല്‍ ബിനാലി.. said...

ഒ എ ബി...
തീര്‍ച്ചയായും ബാല്യത്തിന്‍രെ ഓര്‍മ്മകള്‍ ചോര്‍ന്നിലിച്ച വരികള്‍ തന്നെയാണിത്....................നന്ദി.

സാദിഖ്...
മഴ നമ്മേക്കൊണ്ട് എഴുതിക്കുകയും ചെയ്യുമേറെ..
നന്ദി.

ശിവ.....
സാദാരണക്കാരന്‍റെ കൂരയില്‍ ഒരല്‍പനേരം ഒന്നിച്ചിരിക്കാനായതില്‍ സന്തോഷം, നന്ദി ഇവിടെ വന്നതിന്, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലേറെ സന്തോഷം

ജ്യോനവന്‍..
സന്തോഷം, സ്നേഹവും സന്തോഷവും പങ്കിട്ടതിന്‍........
നന്ദി.

ചുമ്മാ വന്നതാ...
ചുമ്മാ അങ്ങ് വന്ന് കാര്യമായൊരു ചിന്ത, ചിന്തിക്കാന്‍ വലിച്ചെറിഞ്ഞിട്ട് പോയിക്കളഞ്ഞു ല്ലെ?
നന്ദി

ശ്രീ said...

കഥ നന്നായി, ഫസല്‍!
:)

രസികന്‍ said...

കൊള്ളാം ഫസൽഭായ്
വളരെ നന്നാ‍യിരുന്നു

B Shihab said...

dear FAZAL ഭവന വായ്പ മനസ്സില്‍ തീ കോരിയിട്ട്

Mahi said...

നന്നായിട്ടുണ്ട്‌

ഫസല്‍ ബിനാലി.. said...

Sree, Rasikan, Shihab, Mahi....Nandiyund ivide vannathinum abhipraayamariyichathinum..

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Sunith Somasekharan said...

kollaalo....

smitha adharsh said...

ഇന്നലെ കണ്ട ഒരു പരിചയക്കാരി പറഞ്ഞതു...രാത്രി കിടന്നിട്ടു ഉറക്കം വരുന്നില്ല....അമ്പത്തിഏഴ് ലക്ഷം പൊടിച്ചു ഒരു വീട് പണിയാന്‍ തുടങ്ങി....ഒരു വിധം വീടിന്റെ പണി തീര്ന്നു.അപ്പോഴാണ് അടുത്തവീട്ടില്‍ രണ്ടു ലക്ഷത്തിന്റെ സ്വിമ്മിന്ഗ് പൂള്‍ കണ്ടത്...ഇനി എന്ത് ചെയ്യും?ആ രണ്ടു ലക്ഷത്തിനു എവിടെ പോയി ഇരക്കും? ഞാന്‍ അമ്പരന്നു പോയി ഇതു കേട്ടിട്ട്...ഇത്രയും സമയം ആയിട്ടും എനിക്കത് മനസ്സില്‍ നിന്നു പോയില്ല..അപ്പോഴാണ് ജീവിത ഗന്ധിയായ ഈ "ചിതല്‍ പുറ്റ്."...
നന്നായി ഒത്തിരി..ഒത്തിരി...മുന്‍പത്തെ കമന്റില്‍ പറഞ്ഞ അതെ വാചകം ഒന്നു കൂടി പറയട്ടെ...കനലിന്റെ ചൂടുള്ള മഴക്കഥ.

yousufpa said...

ഭവനം ഇല്ലാതിരുന്നാലും വേണ്ടുകില്ല.വായ്പ എടുക്കാതിരിക്കൂ.എടുത്താല്‍ അത് നമ്മളേം കൊണ്ടേ പോകൂ.

Prathyush PV said...

വളരെ മനോഹരമായ ഒരു സൃഷ്ടിയാണിത്.ഈ സൃഷ്ടി സാഹിത്യ വേദി എന്ന സൈറ്റില്‍ പ്രസിദ്ധികരിക്കാന്‍ ഞാന്‍ തയാറാണ്.നിങ്ങള്‍ സമ്മതിക്കുമെന്ന് വിശ്വസിക്കുന്നു.site - sahithya-vedi.blogspot.com

അനില്‍@ബ്ലോഗ് // anil said...

പാത്രങ്ങള്‍ നിരത്തിയാലും തീരാത്ത ചോര്‍ച്ചയാകുന്നതിനു മുന്‍പേ ഒന്നു കെട്ടിമേയുകയെങ്കിലും ആവാമായിരുന്നു.

ഫസല്‍ ബിനാലി.. said...

അരൂപിക്കുട്ടന്‍..
പ്രോല്‍സാഹനത്തിനു നന്ദി, ഞാന്‍ താങ്കളുടെ ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകനാണ്, കമന്‍റെ ഇടല്‍ കുറവാണെങ്കിലും..

മൈ ക്രാക്ക്...
വന്നതിനും വായിച്ചതിനും കമന്‍റെ ഇട്ടതിനും വളരെയധികം നന്ദി...

സ്മിതാ ആദര്‍ശ്..
അടുത്ത വീട്ടുകാരന്‍റെ പുതിയ മാര്‍ബിള്‍ തിളക്കത്തില്‍ കണണ്‍ മഞ്ഞളിക്കുന്നവരുടെ ഇടയില്‍ ഇങ്ങനേയും ചില കഥയില്ലായ്മകള്‍ ല്ലെ.. ഇവ്വിടെ വന്നതിനും ചിന്തകള്‍ പങ്കു വെച്ചതിനും നന്ദിയുണ്ടേറെ..

അത്ക്കന്‍..
വായ്പയുടെ കെണിയില്‍ വീണു പോകുന്നവന്‍റെ വേദന, പിന്നെ വീട് ചോര്‍ന്നൊലിക്കുന്നവന്‍റെ എരിതീയില്‍ മഴവെള്ളം വീണുന്ടാകുന്ന കെട്ടടങ്ങാത്ത പുക..
നന്ദി

പ്രത്യൂഷ്
ഞാന്‍ ഒരു സാഹിത്യകാരനല്ലാത്തതു കൊണ്ട് തന്നെ എന്‍റെ ഈ ചെറിയ ശ്രമം രണ്ട് പേരുകൂടി വായിക്കാന്‍ സാഹചര്യമുണ്ടാകുന്നതില്‍ സന്തോഷമേയുള്ളൂ.. തങ്കള്‍ക്ക് നന്ദി

അനില്‍..
ആവാമായിരുന്നു, യാഥാര്‍ത്ഥ്യത്തിലേക്കുള്ള തിരിച്ചു പോക്ക്, കഥകള്‍ക്കപ്പുറം..നന്ദി വന്നതിനും കമന്‍റെ ഇട്ടതിനും

സ്‌പന്ദനം said...

ഫസലിക്കാ.. ഹൃദയസ്‌പര്‍ശി അത്രമാത്രം പറയാന്‍ അനുവദിക്കുക..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കഥ. മലയാളിയുടെ സ്വപ്നങ്ങളില്‍ എന്നും വീടാണല്ലോ മുന്‍ പന്തിയില്‍.
ആശംസകള്‍.

My Photos said...

vaikiyaanu vannathu. ishtappettu.