Sunday, August 10, 2008

നീല മിഴികളുള്ള ഒലീവിലകള്‍...


ഒലീവ് മരങ്ങള്‍ക്കിടയിലൂടെ പച്ചപ്പുല്‍ പാതയിലൂടെ ഡയാനയുടെ കൈ പിടിച്ച് നടക്കുമ്പോള്‍ അകലെ നിന്ന് സൂര്യന്‍ നനുത്ത കിരണങ്ങളാല്‍ വെളിച്ചം പകര്‍ന്ന് വഴികാട്ടുന്നത് എന്തോ അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇളം വെയിലിലും തണുപ്പ് വിട്ടകലാതിരുന്നതിനാലാവാം അവള്‍ ഇപ്പോഴും അയാളുടെ കൈ മുറുകെ പിടിച്ച് ചേര്‍ന്നു നടക്കുന്നത്. പാര്‍ക്കിലെ ഒരൊഴിഞ്ഞ കോണിലെ ബഞ്ചില്‍ അയാള്‍ക്കിരിക്കാനുള്ള സ്ഥലം അവളുടെ നനുത്ത കൈ കൊണ്ട് തുടച്ചിടുമ്പോഴും അതിലെ നിരര്‍ത്ഥകത അയാളുടെ മൌനം ബലികൊടുക്കാന്‍ പോന്നതാണെന്നയാള്‍ക്ക് തോന്നിയില്ല.

ഒട്ടുനേരത്തെ മൌനത്തെ മുറിപ്പെടുത്തി അവള്‍ സംസാരിക്കാന്‍ തുടങ്ങും മുമ്പേ അയാള്‍ അവളുടെ മടിയില്‍ തലവെച്ച് ദൂരേക്ക് നോക്കി കിടന്നു. തെല്ലൊരു വാല്‍സല്യത്തോടെ അവള്‍ അയാളുടെ വരണ്ട തലമുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടേയിരുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ അയാളുടെ മുന്നിലേക്ക് പൂക്കാന്‍ വൈകിയ മരക്കൊമ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നു വരുന്നതും അവക്ക് നിറം വെച്ച് വരുന്നതും അയാള്‍ കൌതുകത്തോടെ നോക്കിക്കാണുകയായിരുന്നു...

മെഴുക്കു പുരണ്ട ചുവരുകളുള്ള പഴയ വീട്, വഴിക്കണ്ണുമായിരിക്കുന്ന അമ്മ മനസ്സ്, മുഴുപ്പാവാടയുടെ ചേലില്‍ കുഞ്ഞനിയത്തി... എല്ലാം എല്ലാം ആരോ അയാളുടെ കണ്‍ മുന്നിലൂടെ മുച്ചീട്ടുകളിക്കാരന്‍റെ കരവിരുതോടെ മാറ്റിമറിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഒരു തുള്ളി കണ്ണുനീരായിരുന്നു അയാളെ തൊട്ടുണര്‍ത്തിയത്, ഇടത്തെ കവിളില്‍ വീണുടഞ്ഞ കണ്ണുനീര്‍ തുടച്ച് അയാള്‍ അവളെ നോക്കുമ്പോള്‍ കണ്ണു നീര്‍ പിന്നെയും തളം കെട്ടിയ അവളുടെ നീല മിഴികള്‍ അയാളുടെ കണ്‍മുന്നില്‍ നിന്ന് മറച്ചു വെക്കാനുള്ള പാഴ് ശ്രമത്തിലായിരുന്നവള്‍

നീല മിഴികളും വെളുത്ത തൊലിയും ചെമ്പിച്ച മുടികളും കാപട്യത്തിന്‍റെ അടയാളങ്ങായി കണ്ടിരുന്ന തനിക്കെങ്ങിനെ ഇവളെ കൂട്ടുകാരിയാക്കാന്‍ കഴിഞ്ഞു എന്ന് പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുള്ള അയാള്‍ പാടു പെടുകയാണ്‍ ഉള്ളിലെ വിങ്ങല്‍ മറച്ചു വെച്ച്, നഷ്ട ജീവിതത്തിന്‍റെ പച്ചപ്പിലേക്കുള്ള യാത്രയില്‍ ഒരു യാത്രാ മൊഴിപോലും അവളോട് മൊഴിയാനാവാതെ..

ഒരു പുഞ്ചിരിക്കും കണ്ണുനീരിനുമിടയില്‍ കനം വെച്ചു വന്ന മൌനത്തെ ഒന്നു സ്പര്‍ശിക്കാന്‍ പോലുമാകാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി... വഴി പിരിയാനായ് മാത്രം, അവര്‍ പോകാനിരുന്ന നടപ്പാതകള്‍ പണ്ടേ രണ്ടായ് പിളര്‍ന്നിരുന്നൂ...

14 comments:

പാമരന്‍ said...

"വഴി പിരിയാനായ് മാത്രം, അവര്‍ പോകാനിരുന്ന നടപ്പാതകള്‍ പണ്ടേ രണ്ടായ് പിളര്‍ന്നിരുന്നൂ..."

കൊള്ളാം മാഷെ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nannaayirikkunnu fazale

ഹരീഷ് തൊടുപുഴ said...

ഫൈസല്‍,
നല്ല ഭാവന...അഭിനന്ദനങ്ങള്‍

VIPIN said...

avlude ullile kapatyamano avare vazhi pirichatho??

Sureshkumar Punjhayil said...

Good Work...Best Wishes...!!!

kukku said...

good, i like your language, thank you

പ്രജാപതി said...

ഫസല്‍, നഷ്ട യൗവനത്തില്‍ നീ എരിഞ്ഞുതീരുന്നത്‌ ആര്‍ക്കുവേണ്ടി.
നിന്റെ എഞ്ചിനില്‍ എണ്ണയൊഴിക്കുന്നതാര്‌.
ഊര്‍ജം നേടാന്‍ സുവര്‍ണാവസരം
30 ദിവസം. അവസാന 10ല്‍ ഡോള്‍ഡന്‍ ബൂട്ട്‌.
ആര്‍ യു റെഡി
ദന്‍ മി റമദാന്‍. ബ്ലസ്‌ മി. മി ഫ്രണ്ട്‌ ഓഫ്‌ ഹോളി റമദാന്‍

B Shihab said...

Fasal,അവര്‍ പോകാനിരുന്ന നടപ്പാതകള്‍ പണ്ടേ രണ്ടായ് പിളര്‍ന്നിരുന്നൂ...
അഭിനന്ദനങ്ങള്‍

M.A Bakar said...

രസങ്ങള്‍ അക്ഷരങ്ങളായി പെയ്തൊഴിക്കുന്ന മനസ്സിന്‌ ഭാവുകങ്ങള്‍...

joice samuel said...

:)

നരിക്കുന്നൻ said...

വളരെ നല്ല എഴുത്ത്.. നല്ല ഭാവന. ആശംസകൾ

ശ്രീ said...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായി മാഷെ! “വഴി പിരിയാനായി മാത്രം ... “ ആ വരികള്‍ കലക്കി..

Rani Ajay said...

നന്നായിട്ടുണ്ട്